117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യം
സ്‌കൂൾ പഠന കാലഘട്ടത്തിലേക്ക് ഒരു വിദ്യാർത്ഥി പ്രവേശിക്കുന്നതിന് മുൻപ് പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് അങ്കണവാടികളെന്നും ആയതിനാൽ അങ്കണവാടികൾ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശിശുവികസന വകുപ്പും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന 60-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെയും മറ്റ് 30 സ്മാർട്ട് അങ്കണവാടികളുടെയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുഞ്ഞുങ്ങളെ പരിചരിക്കുന്നവർ നമ്മുടെ ഭാവിയെയാണ് പരിപാലിക്കുന്നത്. 45,000ത്തോളം ക്ലാസ്മുറികളാണ് സ്മാർട്ട് ക്ലാസ് മുറികളായി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരായ വിദ്യാർഥികളുടെ തുടർപഠനത്തിന് സംസ്ഥാന സർക്കാർ മുഖ്യപ്രാധാന്യമാണ് നൽകുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് 5 ലക്ഷം രൂപ ധനസഹായമായും 4000 രൂപ പ്രതിമാസ സഹായമായും നൽകുന്നുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിൽ ഏഴായിരത്തിലധികം അങ്കണവാടികൾ വാടകകെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവയെ സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനായി 58 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. അങ്കണവാടികളെ കൂടുതൽ ശിശു സൗഹൃദമാക്കുകയെന്നതാണ് സ്മാർട്ട് അങ്കണവാടികൾ വഴി സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.ഇത് കുട്ടികളുടെ ശാരീരികവും, ബൗദ്ധികവുമായ വികാസത്തിന് സഹായകമാകും. സംസ്ഥാനത്തെ കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള ബാല്യകാല വിദ്യാഭ്യാസ പരിചരണം നൽകാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം നടന്നു. ഇതു കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി, സ്ഥലസൗകര്യം അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ ഫണ്ടുകൾ എന്നിവ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കിയത്.