NABH approves 100 more AYUSH institutions

100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം

 സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആയുഷ് മേഖലയില്‍ 2021ല്‍ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ല്‍ 207 കോടി രൂപയായി വര്‍ധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വര്‍ദ്ധനവ് വരുത്തി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറികളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ 2024 ല്‍ കഴിഞ്ഞു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ സെപ്റ്റംബര്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകും. ആധുനിക സാങ്കേതികവിദ്യയോടെ ആയുര്‍വേദ ചികിത്സയുടേയും ഗവേഷണത്തിന്റെയും വലിയ കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. 100 ആയുഷ് സ്ഥാപനങ്ങളുടെ എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളേയും ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 150 ആയുഷ് സ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ 100 ആയുഷ് സ്ഥാപനങ്ങള്‍ക്കുമാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഏറ്റെടുത്ത ദൗത്യം വളരെ വേഗം ലക്ഷ്യസ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കി അതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാണ് കേരളം ഈ ലക്ഷ്യത്തിലെത്തിയത്.

ആരോഗ്യ മേഖലയില്‍ പതിറ്റാണ്ടുകളായി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ ഏറ്റവും കുറഞ്ഞ മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കൂടിയാണ്. അതിനാല്‍ ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് പ്രധാനം. രോഗ പ്രതിരോധത്തില്‍ ഉള്‍പ്പെടെ ആയുഷ് മേഖലയുടെ പങ്ക് വളരെ വലുതാണ്.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. കാന്‍സര്‍ പ്രതിരോധത്തിന് ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഒരു മാസം കൊണ്ട് 15 ലക്ഷത്തിലധികം പേരുടെ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താനായി. ഇതിലൂടെ കുറേപേരില്‍ മറഞ്ഞിരുന്ന കാന്‍സര്‍ കണ്ടെത്താനും ചികിത്സിക്കാനുമായി.

രോഗങ്ങള്‍ കൃത്യമായി കണ്ടുപിടിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ലോകത്ത് തന്നെ 95 ശതമാനത്തോളം മരണ നിരക്കുള്ള അമീബിക് മസ്തിഷ്‌ക ജ്വരം രോഗത്തിന്റെ മരണനിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായെന്നും മന്ത്രി വ്യക്തമാക്കി.