10 ആശുപത്രികളിൽ ക്രിട്ടിക്കൽ കെയർ സംവിധാനത്തിന് 253.8 കോടി
10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾക്ക് 12.5 കോടി
സംസ്ഥാനത്ത് 10 ആശുപത്രികളിൽ അത്യാധുനിക ക്രിറ്റിക്കൽ കെയർ സംവിധാനവും 10 ജില്ലാ ലാബുകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സജ്ജമാക്കാൻ അനുമതി. 10 ആശുപത്രികളിൽ ക്രിട്ടിക്കൽ കെയർ സംവിധാനത്തിന് 253.8 കോടി രൂപയുടേയും 10 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾക്ക് 12.5 കോടി രൂപയുടേയും അനുമതിയാണ് ലഭ്യമായത്. 60: 40 ആനുപാതികമായി കേന്ദ്ര സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധതമായി പദ്ധതി യാഥാർഥ്യമാക്കും.
മൂന്ന് വർഷങ്ങളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023-24 വർഷത്തിൽ കോട്ടയം മെഡിക്കൽ കോളേജ്, കണ്ണൂർ മെഡിക്കൽ കോളേജ്, കാസർഗോഡ് ടാറ്റ ഹോസ്പിറ്റിൽ എന്നിവിടങ്ങളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിനും, വയനാട്, കോട്ടയം, തൃശൂർ ജില്ലകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾക്കുമാണ് അനുമതി നൽകിയത്. 2024-25 വർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി നെടുങ്കണ്ടം എന്നിവിടങ്ങളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റും, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സ്ഥാപിക്കും. 2025-26 വർഷത്തിൽ തൃശൂർ മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിനും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾക്കുമാണ് അനുമതി ലഭ്യമായത്.
ക്രിറ്റിക്കൽ കെയർ യൂണിറ്റിന് 9 ആശുപത്രികൾക്ക് 23.75 കോടി രൂപ വീതവും പാലക്കാട് ജില്ലാ ആശുപത്രിക്ക് 40.05 കോടിയുമാണ് അനുവദിച്ചത്. 50 കിടക്കകളുള്ള അത്യാധുനിക ക്രിറ്റിക്കൽ കെയർ യൂണിറ്റാണ് സജ്ജമാക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ 100 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾക്ക് 1.25 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. എൻ.എച്ച്.എം. മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.