വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണം
1 മുതൽ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകുന്നു
ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം
കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് വിരബാധ. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകി വരുന്നു. ഈ വർഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയും ഗുളിക നൽകുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകുന്നതാണ്. എല്ലാവരും കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകിയെന്ന് ഉറപ്പാക്കണം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64% കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 77,44,054 കുട്ടികൾക്ക് ഗുളിക നൽകുവാനാണ് ലക്ഷ്യമിടുന്നത്. 1 മുതൽ 2 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നൽകുന്നത്. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ച് നൽകണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വിരയുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായേക്കാം.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കാവശ്യമായ ആൽബൻഡസോൾ ഗുളിക എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്.
വിരബാധ
വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാൻ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകൾ കാണപ്പെടുന്നത്.
മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ, മലത്തിൽ വിരകൾ കാണപ്പെടുക, ഛർദ്ദിലിൽ വിരകൾ കാണപ്പെടുക, വിളർച്ച, തളർച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് വിരബാധയുടെ ലക്ഷണങ്ങൾ. വിരബാധയുള്ള ഒരാളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്.
വിരബാധ പകരുന്നതെങ്ങനെ?
വിസർജ്യം കലർന്ന മണ്ണിൽ കളിക്കുമ്പോൾ കുട്ടികളുടെ കൈകളിലുടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോൾ മുട്ടകളും വിരകളും നഖത്തിലെത്തുകയും കുട്ടികൾ നഖങ്ങൾ കടിക്കുകയോ കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ വിരകൾ കുടലിലെത്താം. ഈച്ചകൾ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസർജ്യങ്ങൾ കലർന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.
വിരബാധ എങ്ങനെ തടയാം?
· ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
· പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങൾ ശരിയായി സംസ്‌കരിക്കുക.
· മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
· കൃത്യമായ ഇടവേളകളിൽ നഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.
· വീടിന് പുറത്തുപോകുമ്പോൾ പാദരക്ഷകൾ ധരിക്കുക.
· ഭക്ഷണം അടച്ച് സൂക്ഷിക്കുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക.
· വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.
· 6 മാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.