anuary 17 is National Deworming Day Worm infestation should be avoided to prevent anemia

ജനുവരി 17 ദേശീയ വിരവിമുക്ത ദിനം
വിളർച്ചയകറ്റാൻ വിരബാധ ഒഴിവാക്കണം

കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണം. വിരബാധ കുട്ടികളിൽ വിളർച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ജനുവരി 17 ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകുകയാണ്. കൊക്കപ്പുഴു ഉൾപ്പെടെയുള്ള വിരകളെ നശിപ്പിക്കുവാൻ ആൽബൻഡസോൾ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ആൽബൻഡസോൾ ഗുളിക കഴിക്കുന്നത് വിളർച്ച തടയുകയും കുട്ടികളുടെ ശാരീരിക വളർച്ച ഉറപ്പാക്കുകയും

ഒന്ന് മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുന്നത്. 1 വയസു മുതൽ 2 വയസു വരെയുള്ള കുട്ടികൾക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതൽ 3 വയസു വരെയുള്ള കുട്ടികൾക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. 3 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങൾ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാൻ കഴിയാത്തവർ ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്.

ആരോഗ്യപ്രവർത്തകർ, അധ്യാപകർ, അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

വിരകൾ

മനുഷ്യ ശരീരത്തിൽ സാധാരണ കാണുന്ന വിരകൾ ഉരുളൻ വിര (റൗണ്ട് വേം), കൊക്കപ്പുഴു ( ഹുക്ക് വേം) , കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) , ചാട്ട വിര (വിപ് വേം) തുടങ്ങിയവയാണ്.

വിരബാധ ലക്ഷണങ്ങൾ

വിരബാധ ഒരാളിൽ വിളർച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും.

വിരബാധയുടെ ലക്ഷണങ്ങൾ

മലദ്വാരത്തിൽ ചൊറിച്ചിൽ, മലത്തിൽ വിരകൾ കാണപ്പെടുക, ഛർദ്ദിലിൽ വിരകൾ കാണപ്പെടുക, വിളർച്ച, തളർച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തിൽ രക്തം കാണുക എന്നിവയാണ് വിരബാധയുടെ രോഗലക്ഷണങ്ങൾ

വിരബാധ പകരുന്നതെങ്ങനെ?

നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണിൽ കളിക്കുക, ഈച്ചകൾ വഴി, മലം കലർന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.

വിരബാധ എങ്ങനെ തടയാം?

· ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
· ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
· മനുഷരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങൾ ശരിയായി സംസ്‌കരിക്കുക
· മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക
· കുട്ടികളുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങൾ ദിവസവും മാറ്റുക
· വീടിന് പുറത്ത് പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക
· ഭക്ഷണം അടച്ച് സൂക്ഷിക്കുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
· തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം പാടില്ല
· ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ആൽബൻഡ സോൾ ഗുളിക കഴിക്കുക.