The stipend of house surgeons and resident doctors has been increased

ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു

സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ചു. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.

മെഡിക്കൽ, ഡെന്റൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്‌റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ, ഡെന്റൽ വിഭാഗം പി.ജി. ജൂനിയർ റസിഡന്റുമാർക്ക് 57,876 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 58,968 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 60,060 രൂപയുമാക്കിയാണ് സ്‌റ്റൈപന്റ് വർധിപ്പിച്ചത്.

മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. ഒന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 68,796 രൂപയും രണ്ടാം വർഷ സീനിയർ റെസിഡന്റുമാർക്ക് 70,980 രൂപയും മൂന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 73,164 രൂപയുമാക്കി. മെഡിക്കൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 76,440 രൂപയും ഡെന്റൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 73,500 രൂപയും കോൺട്രാക്ട് പോസ്റ്റിംഗ് സീനിയർ റെസിഡന്റുമാർക്ക് 73,500 രൂപയുമാക്കിയാണ് സ്‌റ്റൈപ്പന്റ് വർധിപ്പിച്ചത്.