Comprehensive treatment for all types of rheumatic diseases

സർക്കാർ മേഖലയിൽ ആദ്യമായി 3 മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം

എല്ലാത്തരം വാത രോഗങ്ങൾക്കും സമഗ്ര ചികിത്സ

എല്ലാത്തരം വാത രോഗങ്ങൾക്കും സമഗ്ര ചികിത്സയുമായി സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നു. വാതരോഗ സംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങൾക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയിൽ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓരോ അസി. പ്രൊഫസർമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി റ്യുമറ്റോളജി വിഭാഗം യാഥാർത്ഥ്യമാക്കും.

മനുഷ്യ ശരീരത്തിലെ ഹൃദയം, രക്തക്കുഴൽ, സന്ധികൾ, പേശികൾ, അസ്ഥികൾ, ലിഗമെന്റുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഒരു മെഡിക്കൽ ശാസ്ത്ര ശാഖയാണ് റ്യുമറ്റോളജി. ആമവാതം, സന്ധിവാതം, ല്യൂപസ്, രക്തവാതം, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങൾ എന്നിയാണ് അവയിൽ പ്രധാനം. ഈ രോഗങ്ങൾ കാരണം പലപ്പോഴും വേദന, നീർവീക്കം, ചുവപ്പ്, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ കാണപ്പെടാറുണ്ട്. വാത രോഗങ്ങൾ പലപ്പോഴും ദീർഘകാല രോഗങ്ങളാണെങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനും ഭേദമാക്കാനും കഴിയും. ഇവയ്ക്ക് ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെങ്കിൽ സങ്കീർണമാകാൻ സാധ്യതയുണ്ട്.

നിലവിൽ മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ഈ രോഗങ്ങൾ ചികിത്സിക്കുന്നത്. പുതുതായി റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ റ്യുമറ്റോളജി സ്‌പെഷ്യലിസ്റ്റിന്റെ സേവനവും കൂടുതൽ സംവിധാനങ്ങളും ലഭ്യമാകും. മാത്രമല്ല കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങി വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്ന വാതരോഗങ്ങൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് സമഗ്രമായ ചികിത്സ ഉറപ്പ് വരുത്താനും ഈ വിഭാഗത്തിലൂടെയാകും. സന്ധികളുടെ ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനും വേദന കുറയ്ക്കുന്നതിനും ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ സേവനവും ഉറപ്പ് വരുത്തുന്നു.

മെഡിക്കൽ ചികിത്സയാണ് റ്യുമറ്റോളജി വിഭാഗത്തിലൂടെ നൽകുന്നത്. മോണോക്ലോണൽ ആന്റിബോഡി അടക്കമുള്ള അത്യാധുനിക ചികിത്സയും ലഭ്യമാക്കുന്നു. ഇത്തരം രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് കൂട്ടായ്മകൾ സംഘടിപ്പിക്കാനും അവർക്ക് മാർഗനിർദേശങ്ങൾ നൽകാനും സാധിക്കുന്നു.