സ്‌കൂൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്
വീഴ്ചകൾ കണ്ടെത്തിയ 81 കടകൾ അടപ്പിക്കാൻ നടപടി
സ്‌കൂൾ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. സ്‌കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ സ്‌കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. വിവിധ കാരണങ്ങളാൽ 81 കടകൾക്കെതിരെ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 138 കടകൾക്ക് നോട്ടീസ് നൽകി. 124 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 110 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
സ്‌കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ നിർമ്മിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും.
സംസ്ഥാനത്തെ സ്‌കൂൾ പരിസരങ്ങളിൽ ധാരാളം കടകൾ പ്രവർത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പരിശോധനയിൽ കടകളിൽ ലഭ്യമായ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂർണമായ വിവരങ്ങൾ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണങ്ങൾ നിർമ്മിക്കുന്നവർ, മൊത്തവിൽപനക്കാർ, വിതരണക്കാർ എന്നിവർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കൾ കുട്ടികളായതിനാൽ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾ സ്വീകരിക്കുന്നതാണ്.