14.50 lakhs for setting up a central data repository application

സെൻട്രൽ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷൻ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെൻട്രൽ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷൻ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ അനുവദിച്ചു.

ഡിജിറ്റൽ ഹെൽത്ത് സാക്ഷാത്ക്കരിക്കുന്നതിന് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി. സ്റ്റേറ്റ് ടിബി സെന്റർ തുടങ്ങിയ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഓഫീസ് അന്തിമ ഘട്ടത്തിലാണ്. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ – ഹെൽത്ത് നടപ്പിലാക്കി. 392 ആശുപത്രികളിലും ഇ- ഹെൽത്ത് നടപ്പിലാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി വരുന്നു. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നു.