35 more family health centers have become a reality in the state A total of 663 family health centers have been established

സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമായി

ആകെ 663 കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യം

നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഏപ്രിൽ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ശേഷമുള്ളവയാണിവ. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സർക്കാർ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാർത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകും.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ, തൊടിയൂർ, പത്തനംതിട്ട ജില്ലയിലെ കുളനട, ആങ്ങമൂഴി, ആലപ്പുഴ ജില്ലയിലെ മുളക്കുഴ, ആറാട്ടുപുഴ, ബുധനൂർ, കോട്ടയം ജില്ലയിലെ കടനാട്, തൃശൂർ കുത്താമ്പുള്ളി, കൂർക്കഞ്ചേരി, മുണ്ടത്തിക്കോട്, പൊറത്തിശ്ശേരി, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കൊടുമ്പ്, പൊൽപ്പുള്ളി, പുതുനഗരം, നാഗലശ്ശേരി, തിരുവേഗപ്പുര, ലക്കിടി, പിരായിരി, മലപ്പുറം ജില്ലയിലെ തൃക്കണാപുരം, തൃപ്പനച്ചി, വെട്ടത്തൂർ, കീഴാറ്റൂർ, കുറുമ്പലങ്ങോട്, എടപ്പറ്റ, അമരമ്പലം, കോഴിക്കോട് ജില്ലയിലെ തൂണേരി, വയനാട് ജില്ലയിലെ കുറുക്കൻമൂല, പാക്കം, മുള്ളൻകൊല്ലി, കാപ്പ്കുന്ന്, ചുള്ളിയോട്, വരദൂർ, കാസർഗോഡ് ജില്ലയിലെ പുത്തിഗെ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തനസജ്ജമാക്കിയത്. ഇതിൽ കുളനട, ആങ്ങമൂഴി, തൂണേരി തുടങ്ങിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.

രാവിലെ 9 മണിമുതൽ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്‌സർവേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ ബോധവത്ക്കരണത്തിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.