സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും
രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല
അശ്വമേധം 6.0: കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം ആരംഭിച്ചു
സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനം കുഷ്ഠരോഗ നിർമാർജനത്തിന്റെ വക്കിലാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് കുഷ്ഠരോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റേയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടേയും ഭാഗമാണ് ഇത് കൈവരിക്കാനായത്. കൃത്യമായ നയത്തിന്റേയും വീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സുശക്തമായിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അശ്വമേധം ക്യാമ്പയിനിലൂടെ പുതിയ രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. അശ്വമേധത്തിലൂടെ 2018ൽ സംസ്ഥാനത്ത് പുതുതായി കണ്ടെത്തിയ കുഷ്ഠ രോഗികളുടെ എണ്ണം 783 ആയിരുന്നു. കോവിഡ് മഹാമാരി മൂലം അക്കാലത്ത് ഈ ക്യാമ്പയിന് തടസമായി. 2022-23 കാലത്ത് ക്യാമ്പയിൻ വീണ്ടും ആരംഭിച്ചു. അന്ന് 559 കേസുകൾ റിപ്പോർട്ട് ചെയ്തു. 2024-25ൽ 486 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022-23ലും 2023-24ലും 10,000ൽ 0.15 ആണ് കുഷ്ഠരോഗത്തിന്റെ പ്രിവിലൻസ് നിരക്ക്. 2024-25ൽ അത് 0.11 ആയി കുറഞ്ഞിട്ടുണ്ട്.
കുട്ടികളിൽ കുഷ്ഠരോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് വലിയൊരു ക്യാമ്പയിൻ ആരംഭിച്ചു. അതിന്റെ കണക്ക് പരിശോധിച്ചാലും രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 2022-23ൽ 33 കുഞ്ഞുങ്ങൾക്കും 2023-24ൽ 30 കുഞ്ഞുങ്ങൾക്കും രോഗമുള്ളതായി കണ്ടെത്തി. 2024-25ൽ 19 കുഞ്ഞുങ്ങളെ കണ്ടെത്തി. കുഞ്ഞുങ്ങളിൽ രോഗം കണ്ടെത്തുന്നു എന്നത് മുതിർന്നവരിൽ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നത്.
ആർദ്രം ആരോഗ്യം വാർഷികാരോഗ്യ പരിശോധനയുടെ ഭാഗമായും കുഷ്ഠരോഗ പരിശോധന നടത്തി വരുന്നു. തൊലിപ്പുറത്തെ നിറം മങ്ങിയ പാടുകൾ, വ്യത്യാസങ്ങൾ തുടങ്ങവയെല്ലാം ശ്രദ്ധിക്കണം. തൊലിയുടെ സ്പർശന ക്ഷമതയാണ് പരിശോധിക്കുന്നത്. പരിശോധിച്ച് കുഷ്ഠരോഗമല്ല എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല. തോപ്പിൽ ഭാസിയുടെ പ്രശസ്ത നാടകത്തിൽ പറയുന്ന ‘രോഗം ഒരു കുറ്റമാണോ’ എന്ന ചോദ്യം പതിറ്റാണ്ടുകൾക്കപ്പുറവും ഓർമ്മിക്കേണ്ടി വരുന്നു. അവബോധ പ്രവർത്തനങ്ങൾക്ക് നഴ്‌സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തെത്തുന്നത് അഭിമാനമുള്ള കാര്യമാണ്. ആരോഗ്യ മേഖലയിൽ സമർപ്പിതമായ സേവനം അനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിച്ചു.