Department of Geriatrics in Thiruvananthapuram Medical College for the first time in the state

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിന്നു. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ ഓരോ തസ്തിക വീതവും 2 സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ ജറിയാട്രിക്‌സ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നത്. ഭാവിയിൽ എം.ഡി. ജറിയാട്രിക്‌സ് കോഴ്‌സ് ആരംഭിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ ആശുപത്രികളിൽ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതിനും ഇത് സഹായിക്കും.

നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്‌സ് രോഗികളെ മെഡിസിൻ വിഭാഗമാണ് ചികിത്സിക്കുന്നത്. പ്രത്യേകമായി ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതോടെ വയോജനങ്ങൾക്ക് ഒരു കുടക്കീഴിൽ തന്നെ ചികിത്സ ലഭ്യമാകും. പ്രായമായ ആളുകളുടെ ആരോഗ്യത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ശാസ്ത്രമാണ് ജറിയാട്രിക്‌സ്. പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ഇതോടൊപ്പം വയോജനങ്ങൾക്ക് ആവശ്യമായ മാനസിക പിന്തുണയും ഉറപ്പാക്കും. പ്രായമായ ആളുകൾക്ക് ആരോഗ്യകരവും സുഖകരവുമായ ജീവിതം നയിക്കാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള സംരക്ഷണവും ചികിത്സയുമാണ് ഈ വിഭാഗം നൽകുന്നത്.

വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നത് കൂടാതെ പ്രത്യേക പരിചരണവും ആവശ്യമാണ്. അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അവസ്ഥകളിൽ പ്രത്യേക പരിചരണം ആവശ്യമാണ്. വയോജനങ്ങൾക്ക് പരിക്കിൽ നിന്നോ രോഗത്തിൽ നിന്നോ കരകയറാൻ സഹായിക്കുന്ന ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും ഇതിന്റെ ഭാഗമാണ്. മാത്രമല്ല വീടുകളിൽ തന്നെ ആരോഗ്യ സേവനം ഉറപ്പാക്കുന്ന സാന്ത്വന പരിചരണവും ഉൾപ്പെടും. അസുഖങ്ങളിൽ നിന്നും ശാരീരികമായും മാനസികമായും കരകയറുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ജറിയാട്രിക് വിഭാഗം പ്രധാന പങ്ക് വഹിക്കുന്നു.

മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്‌സ് ചികിത്സ ലഭ്യമാകുന്നത്. നിലവിൽ തീവ്രപരിചരണം സാധ്യമായ 2 വാർഡുകൾ, ഒപി വിഭാഗം, ഫിസിയോതെറാപ്പി, ക്ലാസ് റൂം എന്നിവയുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നാണ് ജറിയാട്രിക്‌സ് വിഭാഗത്തിന് അന്തിമ രൂപം നൽകിയത്. ജറിയാട്രിക്‌സ് വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ വയോജന ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്.