ശ്രുതിതരംഗം: 216 കുട്ടികളുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി
കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി
ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട 457 കുട്ടികളിൽ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയ 44 കുട്ടികളിൽ 23 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 79 പേരുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസർ അപ്ഗ്രഡേഷൻ ആരംഭിക്കും.
ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 68 കുട്ടികൾക്ക് ശ്രുതിതരംഗം മെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പാർട്‌സുകൾ മാറ്റിയത്. 32 കുട്ടികൾക്ക് മെഡൽ കമ്പനിയുടെ പാർട്‌സുകളും 36 കുട്ടികൾക്ക് കോക്ലിയർ കമ്പനിയുടെ പാർട്‌സുകളുമാണ് മാറ്റി നൽകിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ ഈ ആഴ്ച ആരംഭിക്കുന്നതാണ്.
ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകൾ വഴിയും എംപാനൽ ചെയ്ത 6 ആശുപത്രികളിലൂടെയും ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 104 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.