Ernakulam General Hospital with historical achievement Registration and Certification for Kidney Transplant Surgery

ചരിത്ര നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് രജിസ്‌ട്രേഷനും സർട്ടിഫിക്കേഷനും

എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നൽകി. കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്‌ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. രാജ്യത്ത് തന്നെ അപൂർവമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രിയ്ക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നൽകുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. ഒക്ടോബർ മാസം ആദ്യവാരത്തിൽ ആദ്യ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇതേറെ ആശ്വാസമാകും.

തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജനറൽ ആശുപത്രിയിലെത്തി കെ സോട്ടോ റെഗുലേഷൻസ് അനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുവാൻ നിയമപരമായ അനുവാദം നൽകിയത്.

എറണാകുളം ജനറൽ ആശുപത്രി ഇത്തരത്തിൽ നിരവധിയായ മാതൃകകൾക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സർക്കാരിന്റെ കാലത്താണ് ജനറൽ ആശുപത്രിയിൽ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബ് ഉള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകൾക്കൊടുവിലാണ് വൃക്ക മാറ്റൽ ശാസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.