Mylapra is the first panchayat to achieve the goal of the campaign from anemia to growth

അനീമിയ (Anemia) പൂർണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിൻ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും നൽകിയത്. കാമ്പയിനിലൂടെ സംസ്ഥാന വ്യാപകമായി 7.5 ലക്ഷം പേരെ അനീമിയ പരിശോധ നടത്തി ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കി.

ഗ്രാമീണ, നഗര, ട്രൈബൽ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് വിവ കേരളം കാമ്പയിൻ സംഘടിപ്പിച്ച് വരുന്നത്. നേരിയ അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നൽകുന്നു. സാരമായ അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകുന്നു. ഗുരുതര അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉൾപ്പെടെയുള്ള ചികിത്സ നൽകുന്നു. അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും കാമ്പയിൻ ഭാഗമായി നടക്കുന്നുണ്ട്.