ഏപ്രിൽ 7 ലോകാരോഗ്യ ദിനം
രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണ്. അതിനായി ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകർച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം ജനങ്ങൾക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സാന്ത്വന പരിചരണം ഉൾപ്പെടെ യാഥാർത്ഥ്യമാക്കി ഏറ്റവും ദുരിതാനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും ഒരേ രീതിയിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. സൗജന്യ ചികിത്സയ്ക്ക് പുറമേ ആരോഗ്യ ഇൻഷുറൻസ്, വിവിധ ആരോഗ്യ പദ്ധതികൾ എന്നിവയും ലഭ്യമാക്കി വരുന്നു.
എല്ലാ വർഷവും ഏപ്രിൽ ഏഴാം തീയതിയാണ് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന് ലോകാരോഗ്യ സംഘടനയുടെ 75-ാം വാർഷികം എന്ന പ്രത്യേകത കൂടിയുണ്ട്. ‘എല്ലാവർക്കും ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. കോവിഡ് പോലെയുള്ള പലതരം വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. സാമ്പത്തികവും പ്രാദേശികവുമായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ലാതെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുക എന്നതിന് ഈ സമയത്ത് വളരെ പ്രാധാന്യമുണ്ട്.
മഹാമാരികളോടൊപ്പം തന്നെ മനുഷ്യ ജീവന് ഏറെ അപകടമായിരിക്കുന്ന മറ്റൊരു വിപത്താണ് ജീവിതശൈലി രോഗങ്ങൾ. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, വരൾച്ച തുടങ്ങിയ പാരിസ്ഥിതികമായ നിരവധി പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ‘ഏകാരോഗ്യം’ എന്ന ആശയത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള സമയമാണിത്. മനുഷ്യന്റേയും പ്രകൃതിയുടേയും പക്ഷിമൃഗാദികളുടേയും ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ഏകാരോഗ്യം. രാജ്യത്തിന് മാതൃകയായി കേരളം അത് നടപ്പിലാക്കി വരുന്നു.
എല്ലാ ജനവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ എല്ലാ ആരോഗ്യ പദ്ധതികളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജീവിതശൈലി രോഗ നിയന്ത്രണത്തിനും മാതൃശിശു വിഷയങ്ങളിലും പ്രത്യേക പ്രാധാന്യം നൽകി വരുന്നു. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആർദ്രം ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടപ്പിലാക്കി. പത്ത് മാസങ്ങൾ കൊണ്ട് 30 വയസിന് മുകളിലുള്ള 1.06 കോടിയിലധികം പേരെ വീടുകളിലെത്തി സ്ക്രീനിംഗ് നടത്തി. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാൻ ഇതിലൂടെ സാധിക്കുന്നു. വിളർച്ച മുക്ത കേരളത്തിനായി വിവ കേരളം കാമ്പയിനും സംഘടിപ്പിച്ചുവരുന്നു. ഇതുകൂടാതെ സബ്സെന്റർ മുതൽ മെഡിക്കൽ കോളേജുകൾ വരെ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.