രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആർ സർവെയലൻസ് റിപ്പോർട്ട് പുറത്തിറക്കി
രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികൾ ആരംഭിച്ചു. മാത്രമല്ല ചില ജില്ലകളിൽ ബ്ലോക്കുതല എഎംആർ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. കോവിഡ് സാഹചര്യം കാരണം വേഗത കുറഞ്ഞ ആന്റിമൈക്രോബിയൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ വേണ്ടിയാണ് ജില്ലാതല എഎംആർ കമ്മിറ്റികൾ രൂപീകരിച്ചത്.
സംസ്ഥാനത്തെ 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാൻ പ്രത്യേക ദ്രുതകർമ്മ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. സംസ്ഥാനം ആവിഷ്ക്കരിച്ച കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (Kerala Antimicrobial Resistance Strategic Action Plan – KARSAP) സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ദ്രുത കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതി ജില്ലാതല ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികൾ വഴിയാണ് നടപ്പിലാക്കുന്നത്.
സ്വകാര്യ ആശുപത്രികൾ, പ്രൈമറി, സെക്കന്ററി കെയർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രമാക്കി 21 സാറ്റലൈറ്റ് സെന്ററുകൾ ഉൾപ്പെടുത്താൻ കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവെയലൻസ് നെറ്റുവർക്ക് (KARS-NET) വിപുലീകരിച്ചു. സംസ്ഥാനത്തെ എ.എം.ആർ. സർവെയലൻസിന്റെ ഭാഗമായി ലബോറട്ടറി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ് എ.എം.ആർ. സർവെയലൻസിന്റെ സംസ്ഥാനത്തെ നോഡൽ സെന്ററായി പ്രവർത്തിച്ചു വരുന്നത്.
2021ലെ കാർസ് നെറ്റ് എഎംആർ സർവെയലൻസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാനം എഎംആർ സർവെയലൻസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൂടിവരുന്നതായാണ് കാണുന്നത്. അതിനാൽ എഎംആർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി. നിപ, കോവിഡ്, മങ്കിപോക്സ് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധത്തിന് രോഗ പ്രതിരോധ നിയന്ത്രണ പരിശീലനങ്ങൾ ഏറെ സഹായിച്ചു.