AMR in Kerala as a model for the country. activities

രാജ്യത്തിന് മാതൃകയായി കേരളത്തിലെ എ.എം.ആർ. പ്രവർത്തനങ്ങൾ

സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി നടന്നു വരികയാണ്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആർ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എഎംആർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ചില ജില്ലകളിൽ ബ്ലോക്കുതല എഎംആർ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. എഎംആർ കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാൻ പ്രത്യേക ദ്രുതകർമ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക എ.എം.ആർ. അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.

നവംബർ 18 മുതൽ 24 വരെയാണ് ലോക എ.എം.ആർ. അവബോധ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ‘പ്രിവന്റിങ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ടുഗതർ’ എന്നതാണ് ഈ വർഷത്തെ തീം. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

1. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ നടത്തേണ്ടതാണ്. വകുപ്പുതല മീറ്റിംഗുകൾ, ഐ.സി.ഡി.എസ് മീറ്റിംഗുകൾ, ഇമ്മ്യൂണൈസെഷൻ സെഷനുകൾ, എൻ.സി.ഡി. ക്ലിനിക്കുകൾ, ആരോഗ്യ മേളകൾ, ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി. വിഭാഗം തുടങ്ങി ഉപയോഗപ്പെടുത്താവുന്ന മുഴുവൻ വേദികളും അവബോധത്തിനായി ഉപയോഗിക്കണം.

2. ഏകാരോഗ്യ സമീപനത്തിൽ എഎംആർ സംബന്ധിച്ച് ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ചേർന്ന് ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കണം.

3. മാധ്യമങ്ങളും നവമാധ്യമങ്ങളും വഴിയും അവബോധ ക്യാമ്പയിൻ സംഘടിപ്പിക്കണം.

4. ആശുപത്രികളിൽ ഒ.പി. വെയ്റ്റിംഗ് ഏരിയയിലും, ഫാർമസി വെയ്റ്റിംഗ് ഏരിയയിലും എ.എം.ആർ. ക്യാമ്പയിന്റെ പോസ്റ്ററുകൾ പ്രദർശിപ്പിക്കണം.

5. മെഡിക്കൽ സ്റ്റോറുകളിൽ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ലഭിക്കില്ലെന്ന് പോസ്റ്റർ പ്രദർശിപ്പിക്കണം.

6. എ.എം.ആർ. ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ കോളേജ് തലങ്ങളിൽ എ.എം.ആർ. അവബോധ പ്രതിജ്ഞ സംഘടിപ്പിക്കണം.

7. എ.എം.ആർ. ക്യാമ്പയിൻ സംബന്ധിച്ച് ക്വിസ്, ചിത്രരചന, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക.

8. നവംബർ 24ന് ‘ഗോ ബ്ലൂ ഫോർ എ.എം.ആർ.’ ദിവസം ആചരിക്കുക. അതിനായി ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും അതിന്റെ സന്ദേശം പ്രചരിപ്പിക്കുകയും വേണം.

9. എ.എം.ആർ. വാരാചരണ വേളയിൽ തന്നെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആന്റിബയോട്ടിക് സ്മാർട്ട് സ്ഥാപനമാക്കുന്നതിനും മാർഗ നിർദേശമനുസരിച്ചുള്ള പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് നടത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും എല്ലാ സ്ഥാപന മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.