Material collection facility in medical colleges this financial year

മെഡിക്കൽ കോളേജുകളിൽ ഈ സാമ്പത്തിക വർഷം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി
മെഡിക്കൽ കോളേജുകളെ ഹെൽത്ത് ഹബ്ബിന്റെ ഭാഗമാക്കും

ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഏകജാലക സംവിധാനം വേണം

മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളേജുകളിൽ ഈ സാമ്പത്തിക വർഷം മുതൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളേജുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുന്നതിനോടൊപ്പമാണിത്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകളെ മെഡിക്കൽ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കൽ കോളേജുകളിൽ ഒരുക്കാൻ നിർദേശം നൽകി.

മെഡിക്കൽ കോളേജുകളിൽ 10 പ്രിൻസിപ്പൽമാർ പുതുതായി ചാർജ് ഏറ്റെടുത്തവരാണ്. പ്രിൻസിപ്പൽമാർക്കായി 2 ദിവസത്തെ പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു. ഇതുകൂടാതെ മെഡിക്കൽ കോളേജുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർത്തു. എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രശ്‌നങ്ങൾ സമഗ്രമായി ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദേശിച്ചു. മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സമയബന്ധിതമായി അവ പൂർത്തിയാക്കണം. തുടർച്ചയായ നിരീക്ഷണം ഉണ്ടാകണമെന്നും നിർദേശം നൽകി.

എബിബിഎസ്, പിജി സീറ്റുകൾക്ക് പ്രാധാന്യം നൽകണം. സീറ്റുകൾ വർധിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകളും നടപ്പിലാക്കണം. ആശുപത്രികൾ രോഗീസൗഹൃദവും ജനസൗഹൃദവുമാകണം. രോഗികളോട് ജീവനക്കാർ നല്ല രീതിയിൽ പെരുമാറണം. കിഫ്ബി തുടങ്ങിയ വിവിധ ഫണ്ടുകളോടെ മികച്ച സംവിധാനങ്ങൾ മെഡിക്കൽ കോളേജിൽ ഒരുക്കി വരുന്നു. അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം. പുതിയ തസ്തികകൾ സൃഷ്ടിക്കാനായി നടപടി സ്വീകരിക്കും.

എല്ലാ മെഡിക്കൽ കോളേജുകളും സേഫ്റ്റി ഓഡിറ്റ് നടത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പ്രധാനയിടങ്ങളിൽ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫ്.കാരെ നിയോഗിക്കും. ജനങ്ങൾക്ക് സഹായകമായ രീതിയിൽ കൺട്രോൾ റൂമും ഹെൽപ് ഡെസ്‌കുകളും മാറണം. ഒരു രോഗി അഡ്മിറ്റായി കഴിഞ്ഞാൽ ആ രോഗിയുടെ വിവരങ്ങൾ കൺട്രോൾ ശേഖരിച്ച് അടുത്ത ബന്ധുക്കൾക്ക് നൽകേണ്ടതാണ്. ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി രോഗികളെ പലയിടത്ത് നടത്തിക്കരുത്. ഏകജാലകം വഴി സേവനം ലഭ്യമാക്കണം.

സ്‌പെഷ്യൽ ഓഫീസർ, പ്ലാനിംഗ് ഓഫീസർ തുടങ്ങിയവരടങ്ങുന്ന മൂന്നംഗ സമിതി മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രൂപീകരിക്കണം. മെഡിക്കൽ കോളേജുകളുടെ വികസന പുരോഗതി വിലയിരുത്തണം. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടത്തണം. പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, നഴ്‌സിംഗ് ഓഫീസർ ആഴ്ചതോറും യോഗം ചേർന്ന് പോരായ്മകൾ പരിഹരിക്കണമെന്നും നിർദേശം നൽകി.