State level inauguration of Mission Indradhanush Mission 5.0

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിൽ എല്ലാവരും സഹകരിക്കണം

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം

മിഷൻ ഇന്ദ്രധനുഷ് യജ്ഞത്തിൽ എല്ലാവരും സഹകരിക്കണം. ഡിഫ്തീരിയ, പെർട്ടൂസിസ്, ടെറ്റനസ്, മീസൽസ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിനുകൾ എടുക്കുന്നത്. വാക്‌സിൻ കൊണ്ട് തടയാവുന്ന മീസൽസ് രോഗം കേരളത്തിന്റെ ചില ഭാഗങ്ങളിൽ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജനപ്രതിനിധികളുടെ കൂടെ സഹകരണത്തോടെ മിഷൻ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുകയുണ്ടായി. ഈ ഘട്ടത്തിൽ വാക്‌സിനേഷനിൽ എല്ലാവരും പങ്കാളികളാകണമെന്നു അഭ്യർത്ഥിക്കുന്നു. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരംഭിച്ചു. കൃത്യസമയത്ത് വാക്‌സിൻ എടുക്കാൻ വിട്ടുപോയ ആസാം സ്വദേശിനി മാഹിയായ്ക്ക് (3) പോളിയോ തുള്ളി മരുന്ന് നൽകിയാണ് മിഷൻ ആരംഭിച്ചത്.

ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. ഒട്ടേറെ രോഗങ്ങളെ നിർമാർജനം ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിനേഷൻ പ്രോഗ്രാമിൽ പതിറ്റാണ്ടുകളായി ദീർഘവീക്ഷണത്തിലൂടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പല രോഗങ്ങളേയും ചെറുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ നിന്നും നമ്മൾ പിന്നോട്ട് പോകാൻ പാടില്ല.

മിഷൻ ഇന്ദ്രധനുഷ് 3 ഘട്ടം ആയിട്ടാണ് നടത്തപ്പെടുന്നത്. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കും വാക്‌സിൻ സ്വീകരിക്കാനാകും. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതൽ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. ആകെ 1,16,589 കുട്ടികളാണുള്ളത്.

ഇമ്മ്യൂണൈസേഷനിൽ പുറകിൽ നിൽക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പ്രാധാന്യം നൽകും. 10,086 സെഷനുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എൻമാരാണ് വാക്‌സിൻ നൽകുന്നത്.

ആഗസ്റ്റ് 7 മുതൽ 12 വരെയാണ് ഒന്നാംഘട്ട വാക്‌സിൻ നൽകുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആ പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകാം.