Doctors who won the Best Doctors Award were congratulated

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടര്‍മാരെ അഭിനന്ദിച്ചു

ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സര്‍ക്കാര്‍ ആശുപത്രികളിലെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിർവഹിച്ചു.

പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാതൃശിശു മരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു. ഇന്ത്യയില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 97 അമ്മമാര്‍ മരിക്കുമ്പേള്‍ കേരളത്തില്‍ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും സര്‍ക്കാരിന്റെ നയത്തിന്റെ കൂടി അടിസ്ഥാനത്തിലുമാണ്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കാനായി.

ഈ സര്‍ക്കാര്‍ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു ലോക്ഡൗണ്‍ പാടില്ല എന്ന നയമാണ് സ്വീകരിച്ചത്. വാക്‌സിന്‍ ഫല പ്രദമായി നടപ്പിലാക്കി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.

പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തില്‍ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തില്‍ ഊന്നിയുള്ളതാണ് ആ നിയമം. 2021ല്‍ നമ്മുടെ ആശുപത്രികളില്‍ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാല്‍ 2024 അവസാനത്തില്‍ അത് ആറേമുക്കാല്‍ ലക്ഷമായി വര്‍ധിച്ചു. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ കെസിഡിസിയുടെ പ്രവര്‍ത്തനം കൂടി ആരംഭിക്കും. അപൂര്‍വരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയര്‍ പദ്ധതി ആരംഭിച്ചു. എഎംആര്‍ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു.