മാനസികാരോഗ്യം ഉറപ്പാക്കാൻ മൊബൈൽ മെന്റൽ ഹെൽത്ത് യൂണിറ്റ്
സൂപ്പർ സ്‌പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ സേവനം ലഭ്യമാക്കും
വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാനായി മൊബൈൽ മെന്റൽ ഹെൽത്ത് യൂണിറ്റ് സജ്ജമാക്കി. മാനസികാരോഗ്യ പിന്തുണയ്ക്കായി ഗ്രൂപ്പ് കൗൺസിലിംഗും വ്യക്തിഗത കൗൺസിലിംഗും നൽകുന്നുണ്ട്. മാനസികാരോഗ്യം ഉറപ്പാക്കാനായി മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ വയനാട്ടിലെത്തി പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിക്കുന്നതാണ്. ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ നടപടി സ്വികരിക്കും. ക്യാമ്പിലുള്ളവരുടെ മാനസിക പിന്തുണയ്ക്കായി രാത്രിയിൽ കൂടി കൗൺസിലർമാരുടെ സേവനം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം.
വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്‌പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ സേവനവും ലഭ്യമാക്കും. ക്യാമ്പുകളിലുള്ളവർക്കും ദുരന്ത സ്ഥലത്ത് വീടുകളിൽ താമസിക്കുന്നവർക്കും ഈ സേവനം ലഭ്യമാക്കും. ഇതിനായി ക്യാമ്പുകളിൽ പ്രത്യേക സൗകര്യമൊരുക്കും. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവർക്ക് പരിശോധന നടത്തി ചികിത്സ ഉറപ്പാക്കി കണ്ണടകൾ വിതരണം ചെയ്തു വരുന്നു. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 4 ജെപിഎച്ച്എൻമാരെ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയോഗിക്കുന്നതാണ്. വയനാട്ടിലുള്ള വിരമിച്ച ജീവനക്കാരെക്കൂടി ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റെ അംഗീകാരമില്ലാതെ ആരുംതന്നെ ക്യാമ്പുകളിൽ കയറി കൗൺസിലിംഗ് നൽകരുത്.