The service of the medical team should be ensured in the camps, one person in charge

‘മഴ കനക്കുമ്പോൾ പകർച്ചവ്യാധികൾക്കെതിരെ കരുതലെടുക്കുക’ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാൾക്ക് ചുമതല

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവർ ഡോക്‌സിസൈക്ലിൻ കഴിക്കണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ച പനികൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണ്. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിൽ ആരോഗ്യ സേവനം ഉറപ്പാക്കാൻ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാൾക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലർത്താനും നിർദേശം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം പാർപ്പിക്കേണ്ടതാണ്. അവർക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നൽകണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളം കലർന്ന കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം.

മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കൈയ്യിൽ കരുതണം. ക്യാമ്പുകളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് സേവനം ഉറപ്പാക്കണം. മറ്റ് രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇൻഫ്‌ളുവൻസ പടരാതിരിക്കാൻ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവർ, കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കേണ്ടതാണ്. കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ട്രാൻസ്പ്ലാന്റ് ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. ക്യാമ്പിലുള്ള എല്ലാവർക്കും ഡോക്‌സിസൈക്ലിൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഡോക്‌സിസൈക്ലിൻ വാങ്ങി കൈയ്യിൽ വയ്ക്കാതെ എല്ലാവരും കഴിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനം ചെയ്യുന്നവരും രക്ഷാപ്രവർത്തകരും മുൻകരുതൽ ഉറപ്പാക്കണം. ഇവർ നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.