All labs at Malabar Cancer Center have NABL. Accreditation

മലബാർ കാൻസർ സെന്ററിലെ എല്ലാ ലാബുകൾക്കും എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ

എല്ലാ ലാബുകൾക്കും എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ സ്ഥാപനം

പ്രധാന ലാബുകൾ എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബുകളാക്കും

മലബാർ കാൻസർ സെന്ററിലെ എല്ലാ ലാബുകൾക്കും എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിച്ചു. ഇവിടെയുള്ള പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാർ ഓങ്കോളജി തുടങ്ങിയ ലാബുകൾക്കാണ് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭ്യമായത്. എല്ലാ ലാബുകൾക്കും എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ സ്ഥാപനം കൂടിയാണിത്. ഇതുകൂടാതെ ഈ ലാബുകൾക്ക് ആരോഗ്യ സ്ഥാപനത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന എൻ.എ.ബി.എച്ച്. പുന: അംഗീകാരവും ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെയുള്ള പ്രധാന ലാബുകൾ എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബുകൾ ആക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ചുള്ള കൃത്യമായിട്ടുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്നുള്ളത് പരമപ്രധാനമായ കാര്യമാണ്. ഈ ലക്ഷ്യം വച്ചുകൊണ്ടാണ് സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ദേശീയ തലത്തിൽ നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ. ഇത് ഒരു സ്ഥാപനത്തിന്റെ ഗവേഷണം, അധ്യാപനം, സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സഹായകമാണ്. നിരവധി മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തിയാണ് ഒരു സ്ഥാപനത്തിന് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നൽകുന്നത്.

മലബാർ കാൻസർ സെന്ററിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച് ആയി സർക്കാർ ഉയർത്തിയിരുന്നു. ഇതോടൊപ്പം നൂതന ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കിയത്. കുട്ടികളിലെ കണ്ണിന്റെ കാൻസറിന് എംസിസിയിൽ നൂതന ചികിത്സയൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ സജ്ജമാക്കി. എം.സി.സി.യിൽ റോബോട്ടിക് സർജറി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രമാക്കി വരുന്നു. 2 ഡി.എം. ഓങ്കോപത്തോളജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകി.

ന്യൂറോ സർജിക്കൽ ഓങ്കോളജി ആരംഭിച്ചു. 200ലധികം വിവിധ തരത്തിലുള്ള ബോൺമാരോ ട്രാൻപ്ലാന്റേഷൻ നടത്തി. ന്യൂക്ലിയർ മെഡിസിനിൽ ഡോറ്റ തെറാപ്പി, പി.എസ്.എം.എ. പെറ്റ് സ്‌കാൻ, ഹൈ ഡോസ് അയഡിൻ തെറാപ്പി എന്നിവ ആരംഭിച്ചു. ഇന്റർവെൻഷൻ റേഡിയോളജി കാൻസർ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തുന്നു. ബോൺമാരോ ട്രാൻസ്പ്ലാന്റേഷന് ആവശ്യമായ ഏറ്റവും പ്രധാന ചികിത്സയായ ടോട്ടൽ ബോഡി റേഡിയേഷൻ സർക്കാർ മേഖലയിൽ ആദ്യമായി ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ എം.സി.സി.യുടെ നേതൃത്വത്തിൽ 5 ജില്ലകളിൽ ഡിസ്ട്രിക് കാൻസർ കൺട്രോൾ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.