ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയ്ക്കും പങ്കുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് മിക്കവാറും എല്ലാ നിയമപരമായ അധികാരങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്. അതിനാൽ അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ് പുലർത്തുകയും വേണം. ഇതിനായി ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 4.20 ലക്ഷം പേർ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണമടയുന്നു. പത്തിലൊരാൾക്ക് ആഗോളതലത്തിൽ ഭക്ഷ്യജന്യരോഗം ബാധിക്കുന്നുമുണ്ട്. ഇത് ഏതൊരു രാജ്യത്തിനും വെല്ലുവിളിയും ഭീഷണിയുമാണ്. ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പ് അല്ലെങ്കിൽ ഉപഭോഗം, രോഗാണുക്കൾ കലർന്ന ഭക്ഷണം, കീടനാശിനി അവശിഷ്ടങ്ങൾ തുടങ്ങിയവ കാരണം അനേകം സാംക്രമിക രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഭക്ഷ്യ സുരക്ഷ അത്യന്താപേക്ഷിതമാണ്.
രണ്ട് പരിശീലന പരിപാടികളാണ് നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ നിയുക്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും നിലവിലുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമാണ് നടക്കുന്നത്. കേരളത്തിൽ നിന്നുള്ള 6 അസി. കമ്മീഷണർമാർ, ഉത്തരാഖണ്ഡിൽ നിന്നുള്ള 9 ഉദ്യോഗസ്ഥർ, ദാദ്ര ആന്റ് നാഗർ ഹവേലിയിൽ നിന്നുള്ള 2 ഉദ്യോഗസ്ഥർ, കേന്ദ്രത്തിലെ 2 ഉദ്യോഗസ്ഥർ എന്നിവർ 5 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നു. ഫുഡ് സേഫ്റ്റി ഓഫീസർമാർക്കുള്ള ഇൻഡക്ഷൻ പരിശീലനത്തിൽ കേരളത്തിൽ നിന്നുള്ള 38, ത്രിപുരയിൽ നിന്നുള്ള 20, യുപിയിൽ നിന്നുള്ള 3 ഫുഡ് സേഫ്റ്റി ഓഫീസർമാർ, കേന്ദ്ര സർക്കാരിൽ നിന്നുള്ള 1 ഉദ്യോഗസ്ഥൻ എന്നിവർ 15 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നു.
പുതുതായി നിയമിതരായ ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ നിയമപരമായ പ്രവർത്തനങ്ങൾ നടത്താനാകൂ. അതിനാൽ തന്നെ ഈ പരിശീലനം വളരെ പ്രധാനമാണ്.