ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
രാജ്യത്ത് ആദ്യമായി സർക്കാർ തലത്തിൽ സൗജന്യമായി ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. ജന്മനാലുള്ള കേൾവി തകരാറുകൾ പരിഹരിക്കാൻ സാധിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയാണ് ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ . രാജ്യത്ത് തന്നെ അപൂർവ്വമായി നടക്കുന്ന ഈ ശസ്ത്രക്രിയ ജന്മനാ കേൾവിത്തകരാറുള്ള മൂന്ന് പേർക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കിയത്. യഥാക്രമം 8 , 20,23 വയസ്സുകാരിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ശബ്ദം നേരിട്ട് ആക്ടീവ് ആംപ്ലിഫിക്കേഷൻ സാങ്കേതിക വിദ്യയിലൂടെയാണ് ബിസിഐ 602 ബോൺ ബ്രിഡ്ജ് ഇംപ്ലാന്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറം ചെവിയിലും മധ്യ ചെവിയിലുമുള്ള തകരാറുകൾ മറികടക്കാൻ സാധിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ബോൺ കണ്ടക്ഷൻ ഇംപ്ലാന്റബിൾ ഹിയറിംഗ് ഡിവൈസ് കെ.എം.എസ്.സി.എൽ മുഖേനയാണ് ലഭ്യമാക്കിയത്.