Survey to ensure breastfeeding center and childcare center in public and private institutions

പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ മുലയൂട്ടൽ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാൻ സർവേ

50ലധികം ജീവനക്കാർ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സർവേ നടത്തും. അവ ഇല്ലാത്തയിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് ജീവനക്കാരുടെ അവകാശമാണ്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പിന്റെ ജില്ലാ, ബ്ലോക്ക്തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടൽ വാരാചരണം, ഗവ. സെക്രട്ടറിയേറ്റിലെ നവീകരിച്ച മോഡൽ ക്രഷ്, പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലെക്‌സിൽ ക്രഷ് ആരംഭിച്ചു.
കേരളത്തിലെ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം ഇനിയും വർധിക്കേണ്ടതുണ്ട്. കൂടുതൽ സ്ത്രീകളെ തൊഴിൽ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സ്ത്രീ സൗഹൃദ, സുരക്ഷിത തൊഴിലിടങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ മേഖലയിൽ തൊഴിൽ നേടുന്ന വനിതകളിൽ ബഹു ഭൂരിപക്ഷവും പ്രസവാനന്തരം ശിശുപരിപാലനത്തിനായി തൊഴിൽ ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായ സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക് ഇത് ഒരു തടസമായി മാറാം. പൊതു സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു ലിംഗ സമത്വത്തിലൂന്നിയ പുതിയ തൊഴിൽ സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. 2017ലെ മെറ്റേണിറ്റിബെനിഫിറ്റ് (ഭേദഗതി) ആക്ട് പ്രകാരം 50ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ക്രഷ് സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.

വനിതാ ശിശു വികസന വകുപ്പ് മുഖേന 25 ക്രഷുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. അതിൽ 18 ക്രഷുകൾ പ്രവർത്തനം ആരംഭിച്ചു. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് 2 ലക്ഷം രൂപ നിരക്കിൽ ആകെ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിൽ സെക്രട്ടേറിയേറ്റ് വിമൻസ് വെൽഫയർ സൊസൈറ്റി & റിക്രിയേഷൻ ക്ലബ് മുഖേനെ നിലവിൽ പ്രവർത്തിക്കുന്ന ക്രഷിനെയാണ് മാതൃക ക്രഷ് ആയി നവീകരിച്ചത്. സംസ്ഥാന സർക്കാർ വിഹിതമായ 2 ലക്ഷം രൂപയ്ക്ക് പുറമേ എസ്.ബി.ഐ.യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ഉൾപ്പെടെ 6 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ ക്രഷ് നവീകരിച്ച് പ്രവർത്തന സജ്ജമാക്കിയത്. കൂടാതെ ആർട്ട്‌കോയുടെ സ്‌പോൺസർഷിപ്പിൽ മുലയൂട്ടൽ കേന്ദ്രം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.