പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
മാര്‍ച്ച് 20 ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
തിരുവനന്തപുരം: പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും കാരണമാകും. അതിനാല്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പിന് കീഴിലായി 159 ഡെന്റല്‍ യൂണിറ്റുകളും ദേശീയ വദനാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 87 ഡെന്റല്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇതിലൂടെ വിവിധ ദന്തരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകളും ഓര്‍ത്തോഗ്നാത്തിക് ചികിത്സയും മോണ സംബന്ധിച്ച പെരിയൊഡോണ്ടല്‍ സര്‍ജറികളും കുഞ്ഞുങ്ങള്‍ക്കുള്ള പീഡോഡോന്റിക് ചികിത്സയും ദന്ത ക്രമീകരണ ഓര്‍ത്തോഡോന്റിക് ചികിത്സയും കൃത്രിമ ദന്തങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന പ്രോസ്ത്തോഡോന്റിക് ചികിത്സയും എന്‍ടോഡോന്റിക് ചികിത്സയും വദനാര്‍ബുദ ചികിത്സയും കമ്മ്യൂണിറ്റി ഡെന്റല്‍ പരിശോധനകളും ഈ ഡെന്റല്‍ ക്ലിനിക്കുകളില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധതരം വദന രോഗങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിന് വേണ്ടി ഒന്നിച്ചു പരിശ്രമിക്കാനുള്ള സന്ദേശമാണ് ലോക വദനാരോഗ്യ ദിനാചരണത്തിലൂടെ നല്‍കുന്നത്. ‘നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. നല്ല വദനാരോഗ്യം ലഭിക്കുന്നതിനുള്ള അവബോധം നല്കി ജനങ്ങളെ ശാക്തീകരിക്കുകയാണ് ലോക വദനാരോഗ്യദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ചു ഡെന്റല്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.