New Nursing Colleges approved by Nursing Council of India

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കാനാകും. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് അനുമതി നല്‍കിയത്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിച്ചു. ഈ നഴ്‌സിംഗ് കോളേജുകള്‍ക്കായി 36 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ നഴ്‌സിംഗ് കോളേജുകളുടെ മേല്‍നോട്ടത്തിനായി ജെ.ഡി.എന്‍.ഇ. ആയ ഡോ. സലീന ഷായെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍, കേരള ആരോഗ്യ സര്‍വകലാശാല എന്നിവയുടെ അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്‌സിംഗ് കോളേജുകള്‍ക്കും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭ്യമായത്.