പത്തനംതിട്ട ജില്ലയിലെ ആദ്യ മേല്‍പ്പാലമായ അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം
പത്തനംതിട്ട ജില്ലയിലെ ആദ്യ മേല്‍പ്പാലമായ അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മേല്‍പ്പാലം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. ജില്ലയില്‍ ശബരിമല തീര്‍ഥാടന കാലത്ത് ഗതാഗതം കുറച്ചുകൂടി സുഗമമാക്കുവാനും ഈ മേല്‍പ്പാലത്തിനാകും.
പത്തനംതിട്ട അബാന്‍ ജങ്ഷനിലെ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം എന്ന നിലയിലാണ് അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലം വിഭാവനം ചെയ്തിട്ടുള്ളത്. പത്തനംതിട്ട റിംഗ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നും ആരംഭിച്ച് മനോരമ ഓഫീസിന് മുൻപായി അവസാനിക്കുന്നതാണ് മേല്‍പ്പാലം. റിംഗ് റോഡിന് സമാന്തരമായി, സംസ്ഥാന പാതയായ ടി.കെ.റോഡ് മുറിച്ചാണ് മേല്‍പ്പാലം കടന്നുപോകുക. 18 മാസമാണ് മേല്‍പ്പാലത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള കാലാവധി. കിഫ്ബി വഴി 46.8 കോടി രൂപാ ചെലവിലാണ് നിര്‍മിക്കുന്നത്. 12 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളമുള്ള 19 സ്പാനുകളും 36 മീറ്റര്‍ നീളമുള്ള ഒരു സ്പാനുമുള്‍പ്പടെ ആകെ 611 മീറ്റര്‍ നീളമാണ് മേല്‍പ്പാലത്തിനുള്ളത്. ഇതുകൂടാതെ ഇരുവശങ്ങളിലുമായി 90 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡുകളുമുണ്ട്. അതോടൊപ്പം മേല്‍പ്പാലത്തിനു താഴെ ഇരുവശത്തുമായി 5.5 മീറ്റര്‍ വീതിയില്‍ ബി.എം ആന്റ് ബിസി നിലവാരത്തില്‍ സര്‍വീസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ സുഗമമായി കടന്നുപോകുവാന്‍ സാധിക്കും.