Infectious disease prevention efforts must continue vigorously

മണ്ണിലോ വെള്ളത്തിലോ ജോലിചെയ്യുന്നവർ കൈയ്യുറയും കാലുറയും ധരിക്കേണ്ടതാണ്

പ്രമേഹം, രക്താതിമർദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവർ പനി ബാധിച്ചാൽ ശ്രദ്ധിക്കണം

പകർച്ചപ്പനി പ്രതിരോധത്തിൽ ശക്തമായ തുടർപ്രവർത്തനം പ്രധാനമാണ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും സംസ്ഥാന തലത്തിലും അവലോകനം നടത്തി കൃത്യമായ നടപടികൾ സ്വീകരിക്കണം. ഐസൊലേഷൻ വാർഡുകൾ ഉപയോഗപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപന തലത്തിലെ രണ്ടാഴ്ചയിലൊരിക്കലുള്ള മീറ്റിംഗുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മരണം ഒഴിവാക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. എല്ലാ ജില്ലകളും മരണ കാരണം കണ്ടെത്തുന്നതിനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഡെത്ത് ഓഡിറ്റ് നടത്തണം.

മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളുടേയും പകർച്ചപ്പനി സാഹചര്യം വിലയിരുത്തി. മരുന്നുകളുടെ ലഭ്യത എല്ലാ ആശുപത്രികളും നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും വേണം. മരുന്നിന്റെ ശേഖരം 30 ശതമാനത്തിൽ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. പകർച്ചപ്പനി വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ജില്ലകളിൽ അധികമായി ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളും നിയമനം നടത്തിയെന്ന് ഉറപ്പാക്കണം. ഡിഎസ്ഒമാർ ഫിൽഡ് തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ജെപിഎച്ച്എൻ, ജെഎച്ച്‌ഐ തുടങ്ങിയ ഫീൽഡുതല ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും മാസങ്ങളിൽ ഫീൽഡ് തലത്തിൽ പരിശോധനകളും പ്രവർത്തനങ്ങളും നടത്തി റിപ്പോർട്ട് നൽകണം.

പ്രതിരോധ, അവബോധ പ്രവർത്തനങ്ങളിൽ ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകൾ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈ ഡേ പ്രവർത്തനങ്ങൾ വരും ആഴ്ചകളിലും തുടരണം. ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകൾ, ഡോക്‌സി കോർണറുകൾ, ഒആർഎസ് കോർണറുകൾ എന്നിവ പ്രവർത്തിച്ചു വരുന്നു. മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡുകൾ തുറന്നിട്ടുണ്ട്.

പ്രമേഹം, രക്താതിമർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ പകർച്ചപ്പനി ബാധിച്ചാൽ ഗുരുതരമാകാതെ നോക്കണം. അവർ പനി ബാധിച്ചാൽ എത്രയും വേഗം ചികിത്സ തേടി ഏത് പനിയാണെന്ന് ഉറപ്പിക്കണം.

ഡോക്‌സിസൈക്ലിൻ കഴിക്കാത്തത് കൊണ്ടാണ് പല എലിപ്പനി മരണങ്ങളും ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്‌സിസൈക്ലിൻ സൗജന്യമായി ലഭ്യമാണ്. വയറിളക്ക രോഗങ്ങൾക്കെതിരെ ശ്രദ്ധവേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.