Infectious disease treatment guidelines will be revised

പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കും

ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കും. ചികിത്സയില്‍ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം തുടരണം. എല്ലാവരും മാസ്‌ക് ധരിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കണം.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണ്. രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയ്യാറാക്കും. ജില്ലകളില്‍ ഡോക്‌സിസൈക്ലിന്‍, ജീവിതശൈലീ മരുന്നുകള്‍, ആന്റിവെനം, ഐ.ഡി.ആര്‍.വി., ഇമ്മ്യൂണോഗ്ലോബുലിന്‍, ഒ.ആര്‍.എസ്. എന്നിവ ഉറപ്പ് വരുത്തണം. ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. ആന്റിജന്‍ കിറ്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രളയബാധിത മേഖലയിലും ട്രൈബല്‍ മേഖലയിലുമുള്ള ഗര്‍ഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരണം. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കണം. പ്രളയാനന്തരമുണ്ടാകുന്ന വെല്ലുവിളി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രധാന്യം നല്‍കണം.