നൂതന കാൻസർ ചികിത്സയ്ക്ക് ലീനിയർ ആക്സിലറേറ്റർ പ്രവർത്തനസജ്ജം
കാന്‍സര്‍ ചികിത്സയ്ക്കും നിയന്ത്രണത്തിനുമായി കേരളം നടത്തുന്ന പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊർജിതവും സൂക്ഷ്മവുമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായി. ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിധ തരം കാന്‍സറുകളെ ചികിത്സിക്കാന്‍ ആവശ്യമായ വ്യത്യസ്ത ഫ്രീക്വന്‍സിയുള്ള എക്സ്റേയും ഇലക്ട്രോണ്‍ ബീമും കൃത്യതയോടെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ലീനിയര്‍ ആക്സിലറേറ്ററിന്റെ പ്രത്യേകത. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുമ്പോള്‍ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകള്‍ക്കും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും റേഡിയേഷന് ഏല്ക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റില്‍ ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തില്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.
ഉന്നത ഗുണനിലവാരമുള്ള റേഡിയേഷന് ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷന് ചെയ്യുന്നതോടെ ചികിത്സക്ക് വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടർ ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവർത്തന സജ്ജമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 2 ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സ സംവിധാനമാണ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാൻസർ ചികിത്സ സങ്കേതങ്ങളായ 3 ഡി കൺഫോർമൽ റേഡിയോ തെറാപ്പി, ഇന്റൻസിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആർക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാൻസർ കോശങ്ങളിൽ മാത്രം റേഡിയേഷൻ നടത്താൻ ഈ മെഷീനിലൂടെ സാധിക്കും. ഇതിലൂടെ സാധാരണ മറ്റ് അവയവങ്ങൾക്ക് ദോഷം സംഭവിക്കാതെ റേഡിയേഷൻ ചികിത്സ നൽകാനും കഴിയും.