Nipah Defense: State Prepared

നിപ പ്രതിരോധം: സംസ്ഥാനം സജ്ജം

214 പേർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ; 60 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ

കോണ്ടാക്ട് ലിസ്റ്റിലുള്ളവർ ഐസൊലേഷനിൽ ഇരിക്കണം

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രാവിലെ മുതൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികൾ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിൽ 214 പേരാണുള്ളത്. ഇതിൽ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. നിപ രോഗലക്ഷണങ്ങളുള്ളവർ കൺട്രോൾ റൂമിൽ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടൽ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

ജില്ലയിൽ പൊതുയിടങ്ങളിൽ ഇറങ്ങുന്നവർ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവർ ഐസൊലേഷനിലായിക്കണം. ഒരു വീട്ടിൽ ഒരാളേ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളൂവെങ്കിൽ പോലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാൻ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ടെൻഷനുള്ളവർ ദയവായി കൺട്രോൾ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

നിപ കൺട്രോൾ റൂം നമ്പറുകൾ

0483-2732010
0483-2732050
0483-2732060
0483-2732090