A historic achievement for Kerala in the ranking list of national medical educational institutions

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ കേരളത്തിന് ചരിത്ര നേട്ടം

സർക്കാർ മെഡിക്കൽ കോളേജുകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് രാജ്യത്ത് ആറാമത്; ദന്തൽ കോളേജ് അഞ്ചാമത്

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനും തിരുവനന്തപുരം ഗവ. ദന്തൽ കോളേജിനും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ ചരിത്ര നേട്ടം. ദേശീയ തലത്തിൽ എയിംസും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പോലെയുള്ള എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും തുടർച്ചയായ രണ്ടാം തവണയും ഇടം പിടിക്കുന്നത്. എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തി രണ്ടാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തി ഒന്നാം സ്ഥാനത്തുമാണുള്ളത്. മെഡിക്കൽ കോളേജ് കഴിഞ്ഞ തവണത്തെ നാൽപ്പത്തി നാലാം സ്ഥാനത്തു നിന്നും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്ത് നിന്നുമാണ് ഈ മുന്നേറ്റം ഉണ്ടാക്കിയത്. അതേസമയം സർക്കാർ മെഡിക്കൽ കോളേജുകളുടെ എണ്ണമെടുത്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തൽ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക മെഡിക്കൽ കോളേജും ദന്തൽ കോളേജും കൂടിയാണിവ.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിൽ ആദ്യമായി കഴിഞ്ഞ വർഷവും ഈ വർഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജുകളിൽ നടന്നു വരുന്നത്. രണ്ട് മെഡിക്കൽ കോളേജുകളും 15 നഴ്‌സിംഗ് കോളേജുകളും യാഥാർത്ഥ്യമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, റോബോട്ടിക് സർജറി എന്നിവ യാഥാർത്ഥ്യമാക്കി. ഈ സർക്കാർ വന്ന ശേഷം 80 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ സാധിച്ചു. ഈ വർഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചു. ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികൾ പല സംസ്ഥാനങ്ങളും എറ്റെടുത്തു.

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി വലിയ പ്രാധാന്യമാണ് നൽകുന്നത്. 80ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുകയനുവദിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റൽ യാഥാർത്ഥ്യമാക്കി. അടുത്തിടെ മെഡിക്കൽ കോളേജിനായി 25 അധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികൾ പുരോഗമിക്കുന്നു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു.

മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോട് കൂടിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. എമർജൻസി മെഡിസിനിൽ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാൻ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാൻ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

സർക്കാർ മേഖലയിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം, എസ്.എം.എ. ക്ലിനിക് എന്നിവ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്രം അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തി. പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം ആരംഭിച്ചു. എസ്.എം.എ. രോഗികൾക്ക് ആദ്യമായി സ്‌പൈൻ സർജറി മെഡിക്കൽ കോളേജിൽ വിജയകരമായി ആരംഭിച്ചു. ഇങ്ങനെ നൂറുകണക്കിന് വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.