ദുരിതബാധിതർക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ ദുരിതബാധിതർക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ വയനാട്ടിലെത്തി മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരിൽ ആവശ്യമായവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കുന്നതിനുള്ള ക്രമീകരണമൊരുക്കി. ദീർഘകാല മാനസികാരോഗ്യ സേവനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസിലിംഗും ഗ്രൂപ്പ് കൗൺസിലിംഗും നൽകി വരുന്നു. 132 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 261 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗും 368 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 26 പേർക്ക് ഫാർമാക്കോ തെറാപ്പിയും നൽകി.