തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്കാന്‍: മന്ത്രി വീണാ ജോര്‍ജ്
6.91 കോടി രൂപയുടെ അനുമതി
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എം.ആര്.ഐ. സ്കാനിംഗ് മെഷീന് സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല എം.ആര്.ഐ. സ്കാനിംഗ് മെഷീനാണ് സ്ഥാപിക്കുന്നത്. ഇതിനായി 6,90,79,057 രൂപ അനുവദിച്ച് ഉത്തരവിറക്കി. മെഡിക്കല്‍ കോളേജില്‍ തന്നെ എം.ആര്.ഐ. പരിശോധന സാധ്യമാകുന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകകരമാകും. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി എംആര്‍ഐ പരിശോധന നടത്താന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം എം.ആര്.ഐ. സ്കാനിംഗ് മെഷീന് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും സൂക്ഷ്മമായി പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ് 1.5 ടെസ്ല എം.ആര്.ഐ. സ്കാനിംഗ് മെഷീന്. ആന്‍ജിയോഗ്രാം പരിശോധനയും വളരെ കൃത്യമായി ചെയ്യാന്‍ കഴിയും. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താനും ഏറെ സഹായിക്കുന്നു. പേശികള്‍, സന്ധികള്‍, അസ്ഥികള്‍, ഞരമ്പുകള്‍, സുഷുമ്ന, കശേരുക്കള്, മൃദുകലകള്‍, രക്തവാഹിനികള്‍ തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ഇതിലൂടെ പരിശോധന നടത്താം. തലച്ചോറ്, നട്ടെല്ല്, വയറ്, കഴുത്ത്, തുടങ്ങിയ ശരീര ഭാഗങ്ങളുടെ പരിശോധനകള്‍ക്കും ഉപയോഗിക്കുന്നു. 1.5 ടെസ്ല എം.ആര്.ഐ. സ്കാനിംഗ് മെഷീന് റേഡിയേഷന് ഇല്ലാതെ കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്കും പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ക്കും ഏറെ സുരക്ഷിതമാണ്.