Mechanical thrombectomy successful in Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം

സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ഇതാദ്യം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. സ്ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസുകാരനാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ചികിത്സാ രീതിയാണ് മെഡിക്കൽ കോളേജിൽ അടിയന്തരമായി ചെയ്തത്. വിജയകരമായി ചികിത്സ പൂർത്തിയാക്കി രോഗി സുഖം പ്രാപിച്ചു വരുന്നു.
കഴിഞ്ഞ ദിവസമാണ് കൈകാലുകൾക്ക് സ്വാധീനക്കുറവുമായി 70 വയസുകാരനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് കണ്ടെത്തി. ഉടൻ തന്നെ വിദഗ്ധ പരിശോധനകൾ നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നൽകി. അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സ നടത്തി. വിജയകരമായ പ്രൊസീജിയറിന് ശേഷം രോഗി നിരീക്ഷണത്തിലാണ്.

ഇമറിറ്റസ് പ്രൊഫസർ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാം മോഹൻ, ഡോ. സുനിൽ ഡി, ഡോ. ആർ. ദിലീപ്, ഡോ. പ്രവീൺ പണിക്കർ, ഡോ. രമ്യ പി., ഡോ. വിനീത വി.എസ്. എന്നിവരടങ്ങുന്ന ടീമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററിന്റേയും സ്‌ട്രോക്ക് കാത്ത് ലാബിന്റേയും നോഡൽ ഓഫീസറായ ഡോ. ആർ. ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. അനന്ത പത്ഭനാഭൻ, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവർ ഉൾപ്പെട്ടിരുന്നു.

ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ നമ്മുടെ ഡോക്ടർമാർ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായി (സമഗ്ര പക്ഷാഘാത പരിചരണ വിഭാഗം) വികസിപ്പിച്ചെടുത്തിരുന്നു. ലോക പ്രശസ്ത ഇന്റർവെൻഷൻ ന്യൂറോളജിസ്റ്റ് ഡോ. സാക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള SNIF മായി ചേർന്ന് ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. പുതിയ ചികിത്സാ സംവിധാനങ്ങൾ മികച്ച രീതിയിൽ വൈദഗ്ധ്യത്തോടെ ചെയ്യാൻ കഴിയുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.