ഡ്രിപോ ഉപയോഗിച്ചുള്ള വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം എംസിസിയിൽ
മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം
മലബാർ കാൻസർ സെന്റർ – പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ചിൽ രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി. മലബാർ കാൻസർ സെന്റർ കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഡ്രിപോ സംവിധാനം ഉപയോഗപ്പെടുത്തി വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് എന്ന പദ്ധതി നടപ്പിലാക്കിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കെ-ഡിസ്‌കിന്റെ ഇന്നോവേഷൻ ഫോർ ഗവൺമെന്റ് (i4G) എന്ന സംരംഭത്തിലൂടെ പൈലറ്റ് പ്രോജക്ടായി എംസിസിയിൽ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടർന്നാണ് നടപ്പാക്കുന്നത്. ഡിസംബർ 26ന് എംസിസിയിൽ മുഖ്യമന്ത്രി നിർവഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ഡ്രിപോ ഉപയോഗിച്ചുള്ള വയർലസ് ഇൻഫ്യൂഷൻ മോണിറ്ററിംഗ് സംവിധാനം എംസിസിയ്ക്ക് കൈമാറും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ആരോഗ്യ മേഖലയിൽ നൂതനങ്ങളായ ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എംസിസിയിൽ ഡ്രിപോ സംവിധാനം നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർസിസിയിലും എംസിസിയിലും റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ കൊണ്ടുവന്നു. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ബ്ലഡ് ബാങ്കുകളിൽ നടപ്പിലാക്കി വരുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് സഹായകരമായി എ.ഐ. സാങ്കേതികവിദ്യയോടെ ജി ഗൈറ്റർ സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം എംസിസിയിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്റ്റാർട്ട്-അപ്പ് പദ്ധതിയിലൂടെ വികസിപ്പിച്ച പോർട്ടബിൾ കണക്റ്റഡ് ഇൻഫ്യൂഷൻ മോണിറ്ററാണ് ഡ്രിപോ സംവിധാനം. ഡ്രിപ്പ് വഴി മരുന്ന് നൽകുമ്പോൾ കൃത്യമായ അളവിലുള്ള മരുന്നുതുള്ളികൾ രക്തത്തിലേക്ക് നൽകേണ്ടതുണ്ട്. കാൻസർ പോലെയുള്ള രോഗങ്ങൾക്കുള്ള മരുന്ന് തുള്ളികളുടെ അളവ് വളരെ പ്രധാനമാണ്. ഡ്രിപോ സംവിധാനം മുഖേന രോഗികളുടെ രക്തത്തിലെ മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും, നിരീക്ഷിക്കാനും സഹായിക്കുന്നു. ഇതുവഴി രോഗിയുടെ ശരീരത്തിൽ മരുന്ന് വിതരണം ശരിയായ അളവിൽ നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ഉപകരണം നഴ്‌സിംഗ് സ്റ്റേഷനുകളിലെ സെൻട്രൽ സോഫ്റ്റ് വെയറിലേക്ക് തത്സമയ വിവരങ്ങൾ കൈമാറുന്നു. അതുവഴി മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ നിരക്ക് മാറ്റങ്ങൾക്കും ഇൻഫ്യൂഷൻ പൂർത്തീകരണങ്ങൾക്കുമുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു. കൂടാതെ ഈ സോഫ്ട്‌വെയർ മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ സമഗ്രമായ രൂപരേഖയും രോഗിയുടെ ആരോഗ്യ ചരിത്രവും പ്രദർശിപ്പിക്കും.
കൃത്യമായ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എംസിസിയിലെ നിർദ്ദിഷ്ട വാർഡുകളിൽ ഡ്രിപോയുടെ 20 യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്വെയറും സ്ഥാപിക്കുകയുണ്ടായി. എംസിസിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സിടിആർഐയിൽ രജിസ്റ്റർ ചെയ്ത ഒരു ക്ലിനിക്കൽ പഠനം നടത്തുകയും, ഡ്രിപോ സംവിധാനത്തിന്റെ കാര്യക്ഷമത സാധാരണ ഗ്രാവിറ്റി രീതിയുമായി താരതമ്യം ചെയ്ത് വിലയിരുത്തുകയും ചെയ്തു. രക്തത്തിലേക്കുള്ള മരുന്നുകളുടെ സഞ്ചാര നിരക്ക് കൂടുതൽ കൃത്യമായി സജ്ജീകരിക്കാനും, അനായാസം നിരീക്ഷിക്കാനും നഴ്സിങ് ജീവനക്കാരെ ഡ്രിപോ സഹായിച്ചതായി പഠനഫലം എടുത്തു കാണിക്കുന്നു. ഇത് 65 ശതമാനം വരെ ചികിത്സാ പ്രാധാന്യമുള്ള മരുന്നുകളുടെ സഞ്ചാര പിശകുകൾ കുറക്കുകയും, അതുവഴി രോഗിയ്ക്ക് നല്ല ചികിത്സാ ഫലം ഉറപ്പു വരുത്തുകയും, നഴ്‌സുമാരുടെ ജോലി ഭാരം കുറക്കുകയും ചെയ്യുന്നു.