Stronger inspection led by Special Task Force to ensure safety of chicken dishes

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. ന്യൂ ഇയർ വിപണികളിലുള്ള പരിശോധനകൾ ശക്തമായി തുടരും.

അൽ-ഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ തുടങ്ങിയ ഭക്ഷണങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സർവെലൻസ് സാമ്പിളുകളും പരിശോധനക്കയയ്ച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ തുടർ നടപടികൾ സ്വീകരിക്കും. വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 49 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 74 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി.

ഇതുകൂടാതെ ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനകളും നടന്നു വരുന്നു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. കൂടാതെ ഈ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടന്നു വരുന്നു.