For the first time in history, 1020 new B.Sc. Nursing seats

സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സിംഗ് ക്ലാസുകൾ ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ്, താനൂർ എന്നിവടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു.

ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് പുതുതായി വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകൾ, സീപാസ് 150 സീറ്റുകൾ, കെയ്പ് 50 സീറ്റുകൾ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകളും സൃഷ്ട്ടിച്ചു.

ഈ വർഷം സർക്കാർ മേഖലയിൽ 400 സീറ്റുകൾ വർധിപ്പിച്ചതോടെ ആകെ സർക്കാർ സീറ്റുകൾ 1090 ആയി വർധിപ്പിക്കാൻ സാധിച്ചു. ഇതുകൂടാതെ സിമെറ്റ് 660, സീപാസ് 260, കെയ്പ് 50 എന്നിങ്ങനെ സീറ്റുകൾ ഉയർത്താനായി. ഇതോടെ സർക്കാർ, സർക്കാർ നിയന്ത്രിത മേഖലകളിലേക്ക് മെറിറ്റ് സീറ്റ് 5627 ആയി ഉയർത്താൻ സാധിച്ചു. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്‌സിംഗിന് ഈ വർഷം മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റ് വർധിപ്പിച്ച് 557 സീറ്റുകളായി ഉയർത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സിന് അനുമതി (16 സീറ്റ്) നൽകി. ട്രാൻസ്‌ജെൻജർ വ്യക്തികൾക്ക് നഴ്‌സിംഗ് മേഖലയിൽ സംവരണം അനുവദിക്കുകയും ചെയ്തു.