ക്യാൻസർ ചികിത്സ രംഗത്ത് നൂതന സംവിധാനങ്ങളുമായി കാൻസർ സെന്ററുകൾ
സർക്കാർ മേഖലയിൽ അത്യാധുനിക ക്യാൻസർ ചികിത്സ സംവിധാനവുമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററും (RCC), തലശേരി മലബാർ ക്യാൻസർ സെന്ററും(MCC). 5 വയസിൽ താഴെയുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും സംസ്ഥാനത്ത് ആദ്യമായി MCC-യിൽ ആരംഭിച്ചു. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ച്ചയും ജീവനും നിലനിർത്താൻ കഴിയും. വിവിധ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായി സമഗ്ര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ MCC-യിൽ ഒരുക്കിയിട്ടുണ്ട്.
ലേസർ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നൽകുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പി, റേഡിയേഷൻ എന്നിവയുമാണ് ചികിത്സ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി, ഇൻട്രാവിട്രിയൽ കീമോതറാപ്പി, സബ്ടീനോൺ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികൾ.തലച്ചോറിലെയും സുഷുമ്ന നാഡിയിലെയും ക്യാൻസറിന്റെയും മറ്റു മുഴകളെയും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ സംവിധാനമായ ന്യൂറോ സർജിക്കൽ ഓങ്കോളജിയുമായി ബന്ധപ്പെട്ട നൂതന സൗകര്യങ്ങൾ MCC-യിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള മജ്ജ മാറ്റിവക്കൽ ചികിത്സ, ലിംബ് സാൽവേജ് ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ സർജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും MCC-യിൽ ലഭ്യമാണ്.
ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുടെ ചികിത്സയായ ലുട്ടീഷ്യം സർക്കാർ മേഖലയിൽ ആദ്യമായി RCC-യിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ സജ്ജമാക്കി. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ RCC-യിൽ ഉടൻ കമ്മീഷൻ ചെയ്യും .