കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി വിഭാഗം
നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണം ലക്ഷ്യം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി വിഭാഗം (നവജാതശിശു വിഭാഗം) പുതുതായി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തികയില്‍ യോഗ്യരായവരെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് സുപ്രധാനമായ തീരുമാനമാണിത്. നിയോനാറ്റോളജി വിഭാഗം വരുന്നതോടെ ജനിച്ചതു മുതല്‍ 28 ദിവസംവരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ലഭ്യമാകും. ഭാവിയില്‍ നിയോനാറ്റോളജിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി പരിശീലനവും സാധ്യമാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. കോഴിക്കോട് നിന്നുമാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കാസര്‍ഗോഡ് ജില്ല വരെയുള്ളവരും വിദഗ്ധ ചികിത്സ തേടുന്ന ആശുപത്രി കൂടിയാണ്. ആദിവാസി മേഖലയില്‍ നിന്നുള്ളവരും വിദഗ്ധ ചികിത്സയ്ക്കായെത്തുന്നത് ഇവിടെയാണ്. ഈയൊരു പ്രാധാന്യം ഉള്‍ക്കൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി വിഭാഗം ആരംഭിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍, തൂക്കക്കുറവുള്ള നവജാത ശിശുക്കള്‍, സര്‍ജറി ആവശ്യമായ നവജാത ശിശുക്കള്‍ എന്നിവരുടെ തീവ്ര പരിചരണം ഇതിലൂടെ സാധ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി വിഭാഗം നിലവിലുണ്ട്. ബാക്കി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ തസ്തിക സൃഷ്ടിച്ച് നിയോനാറ്റോളജി വിഭാഗം ആരംഭിക്കും.