വായ്പാ വിതരണ, തിരിച്ചടവ് പ്രവർത്തനങ്ങളിൽ ചരിത്ര നേട്ടം
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 2022-23 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ 62.56 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. മികച്ച പ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ലാഭത്തിലെത്തിച്ച സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോർപറേഷൻ . സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി സംസ്ഥാന വനിതാ വികസന കോർപറേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വനിതാ വികസന കോർപറേഷന് 2022-23 സാമ്പത്തിക വർഷത്തിൽ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഈ കാലയളവിൽ വായ്പാ വിതരണ, തിരിച്ചടവ് പ്രവർത്തനങ്ങളിൽ ചരിത്ര നേട്ടമാണ് വനിതാവികസന കോർപ്പറേഷൻ കൈവരിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിത ഗുണഭോക്താക്കൾക്കായി 339.98 കോടി രൂപയുടെ വായ്പാ വിതരണം നടത്താൻ കോർപറേഷന് സാധിച്ചു. ഇതിലൂടെ സംസ്ഥാനത്തൊട്ടാകെ 44,602 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
പരമാവധി സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം നൽകി മുൻപന്തിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് വനിത വികസന കോർപറേഷൻ നടത്തി വരുന്നത്. വനിതാ വികസന കോർപറേഷൻ വിവിധ ദേശീയ ധനകാര്യ കോർപറേഷനുകളുടെയും സംസ്ഥാന സർക്കാരിന്റെയും സ്വയം തൊഴിൽ വായ്പാ ചാനലൈസിംഗ് ഏജൻസിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി ദേശീയ തലത്തിൽ അംഗീകാരവും ലഭിച്ചിരുന്നു. 140 കോടി രൂപയിൽ നിന്നും സർക്കാർ ഗ്യാരന്റി 845.56 കോടി രൂപയായി ഉയർത്തിയിരുന്നു. മികച്ച പ്രവർത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറി (Bronze)യിൽ ഉൾപ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (സിൽവർ)യിലേക്ക് ഉയർന്നു.