കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ് 

ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപ വകയിരുത്തി

  കേന്ദ്രത്തിന്റെ തുടർച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം 2915.49 കോടി രൂപയായി ഉയർത്തി. ഇത് മുൻവർഷത്തേക്കാൾ 97.96 കോടി രൂപ അധികമാണ്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കായി 532.84 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും തുകയനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നൽ നൽകുന്നു. ക്യാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന പേരിൽ ഒരു വർഷം നീണ്ട ജനകീയ ക്യാൻസർ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു.

· 2025-26 ൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി 700 കോടി രൂപ അനുവദിച്ചു.
· കിടപ്പുരോഗികൾ അല്ലാത്ത വയോജനങ്ങൾക്ക് ആരോഗ്യകരമായ പ്രായമാകൽ പദ്ധതി (Healthy Ageing) നടപ്പാക്കും. പദ്ധതിയുടെ അധിക ധനസമാഹരണത്തിനായി 50 കോടി രൂപ വകയിരുത്തി. തദ്ദേശ സ്വയംഭരണ വകുപ്പും എൻ.എച്ച്.എം.ഉം വഴി ചെലവഴിക്കുന്ന വിഹിതത്തിന് പുറമേയുള്ള തുകയാണ്.
· പുതുതായി സ്ഥാപിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് ഗ്രിഡിനുള്ള ഒരു കോടി രൂപ ഉൾപ്പെടെ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പിന് 5.40 കോടി രൂപ വകയിരുത്തി.
· പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ വകയിരുത്തി
· സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും അതിന് വേണ്ടിയുള്ള ആധുനിക ലബോറട്ടറികളും ഘട്ടംഘട്ടമായി സ്ഥാപിക്കുന്നതിന് 8 കോടി രൂപ വകയിരുത്തി.
· 108 ആംബുലൻസുകളുടെ നടത്തിപ്പ് ചെലവ് വഹിക്കുന്നതിനായി 80 കോടി രൂപ വകയിരുത്തി.
· രക്താതിമർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പകർച്ചവ്യാധികളല്ലാത്ത രോഗം ബാധിച്ച നിർദ്ധനനരായ രോഗികൾക്ക് റഫറൽ ആശുപത്രികളിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാർട്ട് ഫൗണ്ടേഷന് 10 കോടി രൂപ കാത്ത് ലാബിനായി അനുവദിച്ചു.
· മേജർ സർക്കാർ ആശുപത്രികളിൽ ഘട്ടംഘട്ടമായി കാത്ത് ലാബ് സ്ഥാപിക്കൽ, നിലവിലുള്ള കാത്ത് ലാബുകളുടെ തീവ്രപരിചരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, തീവ്ര പരിചരണ വിഭാഗങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി 3 കോടി രൂപ വകയിരുത്തി.
· ആരോഗ്യ വകുപ്പിന് കീഴിൽ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ വകയിരുത്തി. ഡയാലിസിസ് യൂണിറ്റുകൾ ഇല്ലാത്ത ജില്ലാ, ജനറൽ ആശുപത്രികളിലും, 25 താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ്. ഇതോടെ എല്ലാ ജില്ലാ/ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.
· എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്‌ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ്. ഇതിനായി 21 കോടി രൂപ വകയിരുത്തി. ഇതോടെ എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റ് സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.
· ന്യൂ ബോൺ സ്‌ക്രീനിംഗ് പ്രോഗ്രാം തുടർ നടത്തിപ്പിനായി 2.40 കോടി രൂപ വകയിരുത്തി.
· ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് കോഗ്‌നിറ്റീവ് ആന്റ് ന്യൂറോ സയൻസിന്റെ (ഐക്കോൺസ്) തിരുവനന്തപുരം, ഷൊർണ്ണൂർ സെന്ററുകൾക്കായി 7.34 കോടി രൂപ വകയിരുത്തി.
· എൻഎച്ച്എം പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.
· പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ മിഷൻ (പി.എം-ആഭീം) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി.
· ഇ-ഹെൽത്ത് പ്രോഗ്രാമിന് വേണ്ടി 27.60 കോടി രൂപ വകയിരുത്തി.

മെഡിക്കൽ വിദ്യാഭ്യാസം

· മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ മെഡിക്കൽ കോളേജുകളിലേയും ആശുപത്രികളിലേയും മാലിന്യ നിർമ്മാർജ്ജനത്തിനായി 17.23 കോടി രൂപയും, മെഡിക്കൽ കോളേജ് ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനുമായി 10 കോടി രൂപയും വകയിരുത്തി.
· കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലെ ഓങ്കോളജി ആന്റ് ടേർഷ്യറി കെയർ സെന്ററുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 20 കോടി രൂപ വകയിരുത്തി.
· കൊല്ലം, കോട്ടയം, കണ്ണൂർ, മഞ്ചേരി, ആലപ്പുഴ എന്നീ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.
· തിരുവനന്തപുരം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 2 കോടി രൂപ വകയിരുത്തി.
· സാമ്പത്തിക നില കണക്കിലെടുക്കാതെ എല്ലാവർക്കം സ്റ്റെം സെൽ – മജ്ജ മാറ്റിവയ്ക്കൽ ചികിത്സാ സൗകര്യം പ്രാപ്യമാകുന്നതിന് വേണ്ടി സർക്കാർ മേഖലയിൽ മജ്ജ മാറ്റിവയ്ക്കൽ സംവിധാനം ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ മജ്ജ മാറ്റിവയ്ക്കൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി 1.75 കോടി രൂപ വകയിരുത്തി.

ക്യാൻസർ ചികിത്സ

· സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണ്ണയത്തിനും പരിചരണത്തിനും 2025-26 ബജറ്റ് ഊന്നൽ നൽകുന്നു. മലബാർ ക്യാൻസർ സെന്റ്‌ററിന് 35 കോടി രൂപയും കൊച്ചി ക്യാൻസർ സെന്ററിന് 18 കോടി രൂപയും ആർ.സി.സിയ്ക്ക് 75 കോടി രൂപയും മെഡിക്കൽ കോളേജ്/ജില്ല/താലൂക്ക് ആശുപത്രികൾ വഴിയുള്ള ക്യാൻസർ ചികിത്സക്ക് 24.5 കോടി രൂപയും ഉൾപ്പെടെ ആകെ 152.50 കോടി രൂപ ക്യാൻസർ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമായി വകയിരുത്തി.
· സർക്കാരിന് കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളേയും മാതൃകാ കാൻസർ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്കായി 2.50 കോടി രൂപ വകയിരുത്തി. കരിമണൽ മേഖലയായ ചവറയിലെ സർക്കാർ ആശുപത്രിയിലും ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
· തിരുവനന്തപുരം ആർസിസിയിലെ 14 നിലയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി 28 കോടി രൂപ വകയിരുത്തി.
· നേരത്തേയുള്ള ക്യാൻസർ രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 23.30 കോടി രൂപയും ക്യാൻസർ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും ആർ.സി.സിയുടെ പദ്ധതി വിഹിതത്തിൽ നിന്നും നീക്കിവയ്ക്കുന്നു.
· കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.5 കോടി രൂപ വകയിരുത്തി.

ആയുഷ് മേഖല

· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള 130 ആശുപത്രികൾ 818 ഡിസ്‌പെൻസറികൾ, 24 സബ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 50.93 കോടി രൂപ വകയിരുത്തി.
· ദേശീയ ആയുഷ് മിഷന്റെയും ഔഷധ സസ്യ മിഷന്റെയും പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തി.
· ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 43.72 കോടി രൂപ വകയിരുത്തി.
· അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് 2 കോടി രൂപ വകയിരുത്തി.
· ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ആകെ 23.54 കോടി രൂപ വകയിരുത്തി.
· ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് വേണ്ടി 8.18 കോടി രൂപ വകയിരുത്തി

വനിത ശിശുവികസന വകുപ്പ്

· അങ്കണവാടികളെ വനിതകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 11 കോടി രൂപയും മാതൃകാ അങ്കണവാടികളുടെയും സ്മാർട്ട് അങ്കണവാടി കെട്ടിടങ്ങളുടെയും നിർമ്മാണത്തിനായി 12 കോടി രൂപയും വകയിരുത്തി.
· അങ്കണവാടികളിൽ മുട്ടയും പാലും നൽകുന്ന പദ്ധതി വിപുലപ്പെടുത്തുന്നതാണ്. എല്ലാ പ്രവൃത്തിദിനങ്ങളിലും മുട്ടയോ പാലോ നൽകുന്നു എന്ന് ഉറപ്പാക്കും. പദ്ധതിയുടെ വിഹിതം 80 കോടി രൂപയായി വർദ്ധിപ്പിച്ചു.
· കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സൈക്കോ സോഷ്യൽ പദ്ധതിയ്ക്കായി 51 കോടി രൂപ വകയിരുത്തി.
· സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 11 കോടി വകയിരുത്തി.
· ജെൻഡർ പാർക്ക് പ്രവർത്തനങ്ങൾക്കായി 9 കോടി രൂപ വകയിരുത്തി.
· പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്ന പദ്ധതിയുടെ നടത്തിപ്പിനുളള സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി.
· ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൺ ഉൾപ്പടെ കുട്ടികൾക്കായുള്ള നൂതന സംസ്ഥാന പദ്ധതികൾക്കായി 16 കോടി രൂപ വകയിരുത്തി.
· കുടുംബമോ മറ്റ് പിന്തുണയോ ഇല്ലാതെ ശിശു മന്ദിരത്തിലൂടെ സംരക്ഷണം ലഭിച്ച കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥാപനത്തിൽ നിന്നും സ്വതന്ത്ര ജീവിതം നയിക്കാൻ ഉതകുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഫ്റ്റർ കെയർ ഹോം സംവിധാനം ഏർപ്പെടുത്തുന്നതാണ്. ഈ കുട്ടികൾക്ക് അവരുടെ കഴിവിനനുസരിച്ച് നൈപുണ്യ വികസന പരിശീലിനം നൽകുവാനും വകുപ്പിന്റെ കീഴിലുള്ള അനുയോജ്യമായ സ്ഥാപനങ്ങളിലും/കമ്പനികളിലും തൊഴിൽ നൽകുവാനും ഉദ്ദേശിക്കുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 11 കോടി രൂപ വകയിരുത്തി.
· ഇടുക്കി ജില്ലയിൽ കുട്ടികൾക്കുള്ള ഗവൺമെന്റ് കെയർ ഹോം സ്ഥാപിക്കുന്നതിന് 3 കോടി രൂപ വകയിരുത്തി. ഇതോടെ എല്ലാ ജില്ലകളിലും കുട്ടികളുടെ ഗവൺമെന്റ് കെയർ ഹോമുകൾ എന്ന ലക്ഷ്യം സാധ്യമാകും.
· മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം തൊഴിലിടങ്ങളിൽ ക്രഷുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കായി 2.50 കോടി രൂപ വകയിരുത്തി.
· കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 18.1 കോടി രൂപ വകയിരുത്തി.
· പോക്‌സോ കേസുകൾ വിചാരണ നടത്തുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള 55 കോടതികളുടെയും ഒരു പുതിയ സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടെയും പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തി.
· പോഷകാഹാര മേഖലയ്ക്ക് ആകെ 532.76 കോടി രൂപ വകയിരുത്തി.
· ആറു വയസിന് താഴെയുള്ള കുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ തലത്തിൽ നടപ്പാക്കുന്ന സംയോജിത ശിശുവികസന സേവനങ്ങൾ എന്ന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 138 കോടി രൂപ വകയിരുത്തി.
· നാഷണൽ ന്യൂട്രീഷൻ മിഷന് സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തി.