കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി
സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും
മെഡിക്കൽ കോളേജുകളിലെ സുരക്ഷിതത്വം വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു
കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജിലെ ജീവനക്കാർ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിക്കണം. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ഓരോ വിഭാഗങ്ങളിലേയും ജീവനക്കാർക്ക് ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും. ജീവനക്കാർ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് പരിശീലനങ്ങൾ നിർബന്ധമാക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. അവർക്ക് കൃത്യമായ വിവരങ്ങൾ നൽകണം. പ്രൊമോഷനിലും കോൺട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമായിരിക്കും.
‘സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ്’ എന്ന പേരിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രവർത്തന പുരോഗതി വിലയിരുത്തി. കഴിഞ്ഞ വർഷം നടത്തിയ സേഫ്റ്റി ഓഡിറ്റ് പ്രകാരം ഓരോ മെഡിക്കൽ കോളേജിലും നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കും. മെഡിക്കൽ കോളേജിലെ പ്രത്യേക ടീമായിരിക്കും ഇത് പരിശോധിക്കുക. അലാമുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ ആന്റ് സേഫ്റ്റി എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും. വിവിധ തട്ടുകളിലെ അപകട സാധ്യത കണക്കിലെടുത്ത് മോക്ഡ്രിൽ ഉറപ്പാക്കണം.
പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ആശുപത്രികളിലും കാമ്പസുകളിലും നിരന്തരം സന്ദർശനം നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കണം. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കണം. ശുചിത്വം ഉറപ്പാക്കുന്ന സാനിറ്ററി റൗണ്ട്‌സ് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. പ്രിൻസിപ്പൽ തലത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ലിഫ്റ്റുകളിൽ ഓട്ടോമെറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് പരമാവധി എല്ലാ ലിഫ്റ്റുകളിലും ആ സംവിധാനം നടപ്പിലാക്കും. ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് കൃത്യമായ സാങ്കേതിക പരിശീലനം നൽകണം. ലിഫ്റ്റ് പ്രവർത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർമാർ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് ലിഫ്റ്റിന്റെ ഡോർ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണം എന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകി.