A home-based child care program for children's health

കുട്ടികളുടെ ആരോഗ്യത്തിന് ഭവന കേന്ദ്രീകൃത ഹോം ബേസ്ഡ് ചൈൽഡ് കെയർ പ്രോഗ്രാം

എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദമാക്കി മാറ്റുക ലക്ഷ്യം

ലോക മുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും മദർ ആന്റ് ബേബി ഫ്രണ്ട്ഡി ഹോസ്പിറ്റൽ ഇൻഷ്യേറ്റീവ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.

രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 17 സർക്കാർ ആശുപത്രികളും 27 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 44 ആശുപത്രികൾക്കാണ് മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വേണ്ടിയുള്ള ഈ ആശുപത്രികളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്‌ഷ്യം.

ആരോഗ്യ സംവിധാനത്തിൽ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. എന്നാൽ എൻ.എഫ്.എച്ച്.എസ്. 5 സർവേ പ്രകാരം മുലയൂട്ടൽ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നമ്മൾ ഇനിയും തുടരേണ്ടതുണ്ടെന്നാണ് കാണുന്നത്. 41.8% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുന്നത്. അതുപോലെ തന്നെ 63.7% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആറ് മാസക്കാലം സമ്പൂർണമായി മുലപ്പാൽ ലഭിക്കുന്നത്. ഇത് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന നിർണായക മേഖലകളാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് മദർ ആന്റ് ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

ഭവന കേന്ദ്രീകൃതമായ ഹോം ബേസ്ഡ് ചൈൽഡ് കെയർ പ്രോഗ്രാം എന്ന പേരിൽ മറ്റൊരു അഭിമാനകരമായ പരിപാടി കൂടി കേരളം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ആദ്യ ആഴ്ച മുതൽ ഒന്നര വയസ് വരെയുള്ള കുട്ടികൾക്കായി ആശാ വർക്കർമാരിലൂടെ നടത്തുന്ന കേന്ദ്രീകൃത ഭവന സന്ദർശനമാണ് ഈ പരിപാടി വിഭാവനം ചെയ്യുന്നത്. വളർച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പുറമേ, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനും അമ്മയുടെയും കുഞ്ഞിന്റേയും ക്ഷേമം ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും പ്രധാനം സാമ്പത്തിക ശാക്തീകരണമാണ്. തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ആവശ്യമാണ്. 2017ലെ ആക്ട് പ്രകാരം 50 വനിതകളുള്ള സ്ഥാപനങ്ങളിൽ ശിശു പരിപാലന കേന്ദ്രം ആരംഭിക്കണം. മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും രോഗങ്ങൾക്കെതിരെയുള്ള വലിയ കവചവുമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ അവകാശമാണ് മുലപ്പാൽ. അതിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നത്.