കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ
*24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്
ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതൽ ഇവ പ്രവർത്തനം തുടങ്ങും.
ഈ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകും. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൊബൈൽ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ട്.
ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് സേവനം. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിലും ഡോക്ടർ, നഴ്സ്, ഫർമസിസ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമാണ്. രോഗ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ വഴി നടത്തുന്നു.
രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ സേവനം ലഭ്യമാകുന്ന മൊബൈൽ യൂണിറ്റിൽ ഡോക്ടർ, നഴ്സ് തുടങ്ങിയവരുണ്ടാകും. വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുമായി ചേർന്ന് ഓക്സിജൻ ഉൾപ്പെടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാണ്. ഡി.എം.ഒ. കൺട്രോൾ റൂം നമ്പർ 0477 2961652.