The government will ensure the baby's care and follow-up treatment

കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും

എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ

കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്.

കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കും. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയർ ടേക്കർമാരെ അനുവദിക്കുകയും ചെയ്തു. തുടർന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കും.

ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ ചികിത്സ ഉൾപ്പെടെയുള്ള വിദഗ്ധ പരിചരണം നൽകി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നൽകി. ഫിറ്റ്‌സും നീർക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലർത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാർജ് ചെയ്യും.

ന്യൂറോ സർജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.