The government is trying to provide cancer drugs at the lowest possible price

കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുകയാണ്

കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുകയാണ്. സർക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണിത്. ആർ.സി.സിയിൽ ഹൈടെക് ഉപകരണങ്ങൾ വിതരണം ചെയ്തു. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആർ.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റിന്റെയും, അനെർട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോർജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെയും പ്രവർത്തനം ആരംഭിച്ചു.
സർക്കാരിന്റെ നവ കേരളം കർമ്മപദ്ധതി പദ്ധതി രണ്ട് ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ക്യാൻസർ ചികിത്സയും പ്രതിരോധവും. കാൻസർ നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തിൽ തന്നെ ചികിത്സിക്കുക, മികച്ച ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങൾ ഉണ്ടാകുക എന്നത്. ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ കാൻസർ കെയർ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളേയും കാൻസറിനേയും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സർക്കാർ ആർദ്രം ജീവിതശൈലി രോഗനിർണയ കാമ്പയിൻ ആരംഭിച്ചു. ഇതിലൂടെ 1.45 കോടി പേരെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചു. പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായവർക്ക് പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നു. കാൻസർ ബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കാനായി 14 ജില്ലകളിലും കാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. ക്യാൻസർ ഡേറ്റ രജിസ്ട്രി ആരംഭിച്ചു.

കാൻസർ രോഗമുണ്ടെങ്കിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ജനപങ്കാളത്തോടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീജിയണൽ കാൻസർ സെന്റർ ആധുനിക രീതിയിൽ ശാസ്ത്രീയമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആർ.സി.സി.യിൽ പുതിയ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നത്.

കേരളത്തിൽ സ്തനാർബുദം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭദശയിൽതന്നെ രോഗം കണ്ടുപിടിക്കുന്നതിനുള്ള കൂടുതൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ അത്യാധുനിക ഡിജിറ്റൽ മാമോഗ്രഫി യൂണിറ്റ് ആർ.സി.സിയിൽ സജ്ജമാക്കിയിട്ടുള്ളത്. കൂടുതൽ സൂക്ഷ്മതയോടെയും വ്യക്തതയോടെയും വേഗത്തിലും സ്തനാർബുദം കണ്ടെത്താനുള്ള ഈ ഉപകരണത്തിന് 2.5 കോടി രൂപയാണ് ചെലവ്. ബയോപ്‌സിക്കുകൂടി സൗകര്യമുള്ള ഇത്തരമൊരു മാമോഗ്രഫി യൂണിറ്റ് കേരളത്തിൽ ആദ്യമായാണ് സ്ഥാപിച്ചിരിക്കുന്നത്.

അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ 3 ടെസ്ല എം.ആർ.ഐ. യൂണിറ്റാണ് ആർ.സി.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. 19.5 കോടി രൂപയാണ് ഈ മെഷീൻ സ്ഥാപിക്കാൻ ചെലവായിട്ടുള്ളത്. സാധാരണ എം.ആർ.ഐ യൂണിറ്റിനെക്കാൾ വേഗത്തിൽ കൂടുതൽ ചിത്രങ്ങൾ എടുത്ത് വിശകലനം നടത്തി രോഗ നിർണയം നടത്താനുള്ള ഹൈടെക് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്തനാർബുദ നിർണയത്തിനുള്ള ബ്രസ്റ്റ്‌കോയിൽ, പ്രോസ്റ്റേറ്റ് കാൻസർ നിർണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഈ യൂണിറ്റിൽ ഉണ്ട്.

ഗ്രീൻ പ്രോട്ടോകോൾ പ്രകാരം എനർജി ഓഡിറ്റ് നടത്തി പൂർണമായി സർക്കാർ ആശുപത്രികളെ സൗരോർജത്തിലേക്ക് മാറാനാണ് ശ്രമിച്ച് വരുന്നത്. ആശുപത്രികളിലെ വൈദ്യുതി ചാർജ് വളരെയേറെ കുറയ്ക്കാൻ സാധിക്കും. പൂർണമായും സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയായി ആർസിസിയെ മാറ്റുകയാണ് ലക്‌ഷ്യം.